തൃശ്ശൂർ പൂരം; വനംവകുപ്പിൻ്റെ ഉത്തരവില്‍ മാറ്റം വരുത്തിയെന്ന് മന്ത്രി കെ രാജന്‍

തൃശ്ശൂർ: തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് വനംവകുപ്പിൻ്റെ ഉത്തരവില്‍ മാറ്റം വരുത്തിയെന്ന് മന്ത്രി കെ രാജന്‍. ഇതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പൂരം നടത്തിപ്പില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. വെറ്ററിനറി ഡോക്ടറുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും വനംവകുപ്പിൻ്റെ ഡോക്ടര്‍ വീണ്ടും പരിശോധിക്കണമെന്ന നിബന്ധനയ്‌ക്കെതിരെ ആന ഉടമകളും ദേവസ്വങ്ങളും പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍.

വനംവകുപ്പ് മന്ത്രിയുമായി സംസാരിച്ചിരുന്നുവെന്ന് റവന്യൂ മന്ത്രി പറഞ്ഞു. വനംവകുപ്പിൻ്റെ സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ള 12-മത്തെ കാര്യമായ റീ വെരിഫിക്കേഷന്‍ ഓഫ് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് എന്ന ഭാഗം പൂര്‍ണമായി മാറ്റാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. തിരുവനമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സര്‍ക്കുലറിലെ 12, 13 നിര്‍ദ്ദേശങ്ങള്‍ക്കെതിരെയാണ് സര്‍ക്കാരിനെ സമീപിച്ചത്.

സർക്കുലറിലെ 12-ാം നിര്‍ദ്ദേശം മാറ്റുന്നതോടെ, 13നും പ്രസക്തിയുണ്ടാകില്ല. കോടതി നിര്‍ദ്ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം പാലിക്കുമ്പോള്‍ തന്നെ, അനാവശ്യമായി ഒരു വെരിഫിക്കേഷന്‍ കൂടി വേണമെന്ന നിര്‍ദ്ദേശം പിന്‍വലിച്ച് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. ഒരു തര്‍ക്കവും ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴില്ല.

പൂരപ്രേമികളുമായും സംഘാടകരുമായി അതതു സമയങ്ങളില്‍ ആലോചിച്ച് ഏതെങ്കിലും പ്രയാസങ്ങളുണ്ടെങ്കില്‍ അതു പരിഹരിച്ച് പൂരം നല്ലതുപോലെ നടത്തണമെന്നാണ് സര്‍ക്കാരിൻ്റെ ധാരണ. റീ വെരിഫിക്കേഷന്‍ പ്രായോഗികമായ കാര്യമല്ല. നേരത്തെ കുടമാറ്റാനുള്ള ആളുകള്‍ അണിനിരക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം നേരത്തെ പരിഹരിച്ചിരുന്നു. സുരക്ഷ ഉണ്ടാകണമെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. അതിനാല്‍ കോടതി ഉത്തരവുകളെല്ലാം അംഗീകരിച്ചുകൊണ്ടു തന്നെ പൂരം നടത്തുമെന്നും മന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*