മൂന്നാറിലേയ്ക്കുള്ള കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ റോയൽ വ്യൂ സർവീസ് ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാർ ഉദ്ഘാടനം ചെയ്തു. യാത്രക്കാർക്ക് കാഴ്‌ചകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണ്ണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്. കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ സംരംഭമായ ‘കെഎസ്ആർടിസി റോയൽ വ്യൂ’ പദ്ധതിയുടെ ഭാഗമാണ് ഡബിൾ ഡക്കർ ബസ് സർവീസ്.
മൂന്നാറിലെ ടൂറിസത്തിനായാണ് ബസ് പുറത്തിറക്കിയിരിക്കുന്നത്. ടൂറിസം രംഗത്ത് വലിയ കാൽവയ്പ്പായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസിയുടെ മുഖമുദ്രയായി ഇത് മാറുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാർ തന്നെയാണ് വാഹനം നിർമ്മിച്ചിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ഒരു ജോലിക്കും പുറത്തുനിന്നുള്ളയാളെ ആശ്രയിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഗ്ലാസ് മാത്രമാണ് പുറത്ത് നിന്ന് വാങ്ങേണ്ടി വന്നിട്ടുള്ളത്. പൂർണമായും സൂതാര്യമായ രീതിയിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കകം മൂന്നാറിലേക്ക് വാഹനം പോകും. അവിടെ വെച്ച് ബസ് ജനപ്രതിനിധികളുടെയും ജനങ്ങളുടെയും സാന്നിധ്യത്തിൽ ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ടൂറിസത്തിന് വലിയ ആകർഷണമായിരിക്കും ഡബിൾ ഡക്കർ റോയൽ വ്യൂ ബസെന്ന് മന്ത്രി കെ.ബി ഗണേഷ്കുമാർ പറഞ്ഞു. കെഎസ്ആർടിസിയുടെ ഏറ്റവും നൂതന സംരംഭമാണ് റോയൽ വ്യൂ സർവീസ്.
തിരുവനന്തപുരത്ത് നഗരക്കാഴ്‌ചകൾ എന്ന പേരിൽ ആരംഭിച്ച ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം എത്തുന്നത്. കഴിഞ്ഞ ഏപ്രിലിൽ ഡബിൾ ഡക്കർ ബസ് സർവീസിന്റെ ട്രയൽ റൺ മൂന്നാറിൽ നടന്നിരുന്നു.
Be the first to comment