തൃശൂർ: പുലിക്കളി നടത്തണോ വേണ്ടയോ എന്നതിൽ തൃശൂർ കോർപ്പറേഷനാണ് തീരുമാനമെടുക്കേണ്ടതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഓണനാളിൽ പുലിക്കളി വേണ്ടെന്നുവച്ച തൃശൂർ കോർപ്പറേഷൻ്റെ തീരുമാനം ഏകപക്ഷീയമെന്ന് ചൂണ്ടികാട്ടി പുലിക്കളി സംഘാടകസമിതി സർക്കാരിനെ സമീപിച്ച സാഹചര്യത്തിലാണ് എം ബി രാജേഷിൻറെ പ്രതികരണം.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷ പരിപാടികൾ എല്ലാ വർഷത്തെയും പോലെ വിപുലമായി നടത്തേണ്ടതില്ല എന്നാണ് നിലവിൽ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പുലിക്കളി നടത്തുന്നത് സംബന്ധിച്ച് തൃശൂർ കോർപ്പറേഷനാണ് തീരുമാനമെടുക്കേണ്ടത്. കോർപ്പറേഷൻ പുലിക്കളി നടത്താൻ തീരുമാനിക്കുന്ന പക്ഷം മുൻവർഷം അനുവദിച്ച തുക ഈ വർഷവും വിനിയോഗിക്കാൻ അനുമതി നൽകുമെന്നും എം ബി രാജേഷ് പറഞ്ഞു.
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പുലിക്കളി, കുമ്മാട്ടി എന്നീ ആഘോഷങ്ങൾ നടത്തേണ്ടതില്ലെന്ന് തൃശൂർ കോർപ്പറേഷൻ നേരത്തെ തീരുമാനിച്ചിരുന്നു.16,17 തിയതികളിലായി കുമ്മാട്ടിയും 18 ന് ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലികളിയുമാണ് നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പുലികളിക്കായി ഒമ്പത് ടീമുകൾ രജിസ്റ്റര്‍ ചെയ്തിരുന്നു. പുലിക്കളിക്കായി ഓരോ ടീമും നാല് ലക്ഷം രൂപയിലധികം ഇതിനകം ചെലവഴിച്ചു എന്നാണ് സംഘാടകസമിതി പറയുന്നത്. അതുകൊണ്ട് തന്നെ കോർപ്പറേഷൻ അനുമതി നിഷേധിച്ചാലും പുലിക്കളി നടത്താൻ സംഘാടക സമിതി തയ്യാറാവുമെന്ന് ഭാരവാഹികൾ അറിയിച്ചിരുന്നു.
Be the first to comment