പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റ് പ്രതിപക്ഷ നേതാക്കളും നടത്തിയ ആരോപണത്തെ വിമർശിച്ച് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റ് പ്രതിപക്ഷ നേതാക്കളും നടത്തിയ ആരോപണത്തെ വിമർശിച്ച് മന്ത്രി എം ബി രാജേഷ്. വ്യാജ പ്രചരണത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം എങ്ങനെ നടത്താം എന്നതിന്റെ ഉദാഹരണമാണ് യുഡിഎഫ് ചെയ്യുന്നതെന്നും സർക്കാർ ആലോചിക്കുക പോലും ചെയ്യാത്ത കാര്യമാണ് സഭയ്ക്ക് പുറത്ത് പ്രചരിപ്പിക്കുന്നതെന്നും എം ബി രാജേഷ് കുറ്റപ്പെടുത്തി.

പ്രതിപക്ഷം നിയമസഭയിൽ സമർപ്പിച്ച സബ്മിഷനിൽ ചർച്ച നടന്ന ശേഷം സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു വിമർശനം.’പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം, കുറെ നാളായി പ്രതിപക്ഷത്തിന്റെ സമീപനം ഇതുതന്നെയാണ്, അടിസ്ഥാനമില്ലാത്ത, പ്രസക്തമല്ലാത്ത കാര്യമാണ് സബ്മിഷനിലൂടെ ഉന്നയിച്ചത്, ഒരു സംശയത്തിനും ഇടയില്ലാതെ സർക്കാർ നിലപാട് വ്യക്തമാക്കി, എന്നിട്ടും സർക്കാരിനെതിരെ ആക്ഷേപം ഉന്നയിക്കുന്നു’, എന്ന് എംബി രാജേഷ് പറഞ്ഞു.

ടിപി വധക്കേസിൽ ഹൈക്കോടതി വിധി സർക്കാർ ലംഘിക്കാൻ ശ്രമിച്ചു എന്ന പ്രചരണം ദുഷ്ടലാക്കോട് കൂടിയുള്ളതാണെന്നും സർക്കാർ നിലപാട് വ്യക്തമാക്കിയതോടെ പ്രതിപക്ഷത്തിന്റെ ദുഷ്ടലാക്ക് തുറന്നു കാട്ടപ്പെട്ടു എന്നും എംബി രാജേഷ് പറഞ്ഞു. സർക്കാർ ശമ്പളം വാങ്ങി പ്രതിപക്ഷത്തിന് വേണ്ടി ആരെങ്കിലും പണിയെടുക്കുന്നുണ്ടോ എന്നത് തുറന്നു കാട്ടപ്പെടണം. ഇങ്ങനെ ചില നീക്കങ്ങൾ നടക്കേണ്ടത് പ്രതിപക്ഷത്തിന്റെ ആവശ്യമാണ്.

അതിന്റെ ഗുണഭോക്താക്കൾ ആരെന്ന് പരിശോധിക്കണമെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു. ജയിൽ ഉദ്യോഗസ്ഥർക്കെതിരായ സസ്‌പെൻഷനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടേ സസ്‌പെൻഡ് ചെയ്യാൻ ആവൂ എന്നും അതുകൊണ്ടാണ് നടപടി വൈകിയതെന്നുമായിരുന്നു വിശദീകരണം. സർക്കാർ നയം മനസ്സിലാകാതെ പ്രവർത്തിച്ചത് കൊണ്ടാണ് ഉദ്യോഗസ്ഥർക്ക് വീട്ടിലിരിക്കേണ്ടിവന്നതെന്നും എം ബി രാജേഷ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*