‘ഉപജാപങ്ങളുടെ രാജകുമാരനാണ് പ്രതിപക്ഷ നേതാവ്,ഷാഫി പറമ്പിൽ കിങ്കരനും’; മന്ത്രി എം ബി രാജേഷ്

പ്രതിപക്ഷനേതാവ് വിഡി സതീശൻ ഉപജാപങ്ങളുടെ രാജകുമാരനാണെന്നും ഷാഫി പറമ്പിൽ കിങ്കരനാണെന്നും മന്ത്രി എംബി രാജേഷ്. ഉമ്മൻ ചാണ്ടിയെ കാലുവാരിയ,ചെന്നിത്തലയെ കൈകാര്യം ചെയ്ത കിങ്കരനാണ് ഷാഫി.എതിരാളിയായി വരാവുന്ന കെ മുരളീധരനെ ഒതുക്കാനാണ് ഉപജാപം നടന്നത്.ബിജെപി നിർദ്ദേശിച്ചയാളാണ് ഇപ്പോഴത്തെ പാലക്കാട് സ്ഥാനാർത്ഥിയെന്നും അദ്ദേഹം വിമർശിച്ചു.

നേത്യത്വത്തിന് ഡിസിസി അയച്ച കത്തിൻ്റെ രണ്ടാം പേജും പുറത്ത് വന്നതോടെ കോൺഗ്രസ് നേതാക്കളുടെ വാദം പൊളിഞ്ഞു. കത്തിലെ ശുപാർശ തള്ളിയാണ് തീരുമാനം വന്നത്, ഇതോടുകൂടി എല്ലാ കള്ളങ്ങളും പുറത്തുവരികയാണ് ഉണ്ടായത്. പ്രതിപക്ഷ നേതാവും കിങ്കരനും തുറന്നു കാട്ടപ്പെട്ടു. തൃശൂർ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും, അതുകൊണ്ടാണ് ഈ വിഷയം ഉയർത്തുന്നതെന്നും കോൺഗ്രസുകാർക്ക് ഒരു മനസാക്ഷി കുത്തുമില്ലാതെ വോട്ട് ചെയ്യാൻ കഴിയുന്ന സ്ഥാനാർത്ഥിയാണ് സരിൻ എന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, നിർണായകമായ ഉപ തെരഞ്ഞെടുപ്പുകൾക്കിടെ കോൺഗ്രസിൽ നിറയെ വിവാദ അന്തരീക്ഷമാണ്. പാലക്കാട്ടെ സ്ഥാനാർത്ഥി നിര്‍ണയം സംബന്ധിച്ച വിമത നീക്കത്തിൽ പി സരിൻ സ്ഥാനാർത്ഥി ആയതിന് പിന്നാലെ കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന പാലക്കാട് ഡിസിസി കത്ത് പുറത്തായതാണ് വിവാദത്തിന് തുടർച്ച നൽകിയത്. ഇതിന് പുറമേ പാർട്ടി അധ്യക്ഷൻ കെ സുധാകരന്ൻെ പ്രതികരണങ്ങൾ കൂടിയായപ്പോൾ പ്രചരണം കോൺഗ്രസിലെ വിവാദങ്ങളിൽ ചുറ്റിത്തിരിയുകയാണ്. കത്തിൽ പരിശോധന നടത്തുമെന്ന് കെ സുധാകരൻ പ്രഖ്യാപിച്ചെങ്കിലും മുതിർന്ന നേതാക്കൾക്ക് യോജിപ്പില്ല. കൂടാതെ സതീശനെതിരെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരനും രംഗത്തുവന്നിരുന്നു. നോമിനി രാഷ്ട്രീയം കോൺഗ്രസിന് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് സുധാകരൻ പറഞ്ഞെങ്കിൽ അത് ശരിയായിരിക്കും. പാലക്കാട്‌ പ്രചാരണത്തിന് പോകാൻ ആരും വിളിച്ചിട്ടില്ലെന്നും പോകുന്ന കാര്യം ഇപ്പോൾ തീരുമാനിച്ചില്ലെന്നും മുരളീധരൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*