‘വിഡി സതീശൻ രാഷ്ട്രീയത്തിൽ മതം കലർത്താൻ ശ്രമിക്കുന്നു; ലീഗിന്റെ അധ്യക്ഷനെ വിമർശിക്കുന്നത് തെറ്റായി ചിത്രീകരിക്കുന്നു’; മന്ത്രി മുഹമ്മദ്‌ റിയാസ്

പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ച് മന്ത്രി മുഹമ്മദ്‌ റിയാസ്. സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിൽ വിഡി സതീശൻ മതം കലർത്താൻ ശ്രമിക്കുന്നുവെന്ന് മുഹമ്മദ്‌ റിയാസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും ഇടതു നേതാക്കളും എന്തോ പാതകം ചെയ്തത് പോലെ പ്രതിപക്ഷ നേതാവ് നിലപാട് എടുത്തു. രാഷ്ട്രീയമായി പറയുമ്പോൾ രാഷ്ട്രീയമായി പ്രതികരിക്കുന്നതാണ് ജനാധിപത്യ മര്യാദയാണെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു.

തങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ആണ്. മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനെ വിമർശിക്കാൻ പാടില്ലേ എന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് ചോദിച്ചു. ലീഗിന്റെ അധ്യക്ഷനെ വിമർശിക്കുന്നത് തെറ്റായി ചിത്രീകരിക്കുന്നു. മുസ്ലീം ലീഗ് അധ്യക്ഷൻ രാഷ്ട്രീയമായി എന്തെങ്കിലും പറഞ്ഞാൽ രാഷ്ട്രീയമായി അതിനെ വിമർശിക്കും. അതിൽ അസഹിഷ്ണുതരാകുന്നത് രാഷ്ട്രീയത്തിൽ മതം കലർത്തുന്ന സമീപനമണ്. വിമർശനം ഏതെങ്കിലും സമുദായത്തിനോ മതത്തിനെ എതിരല്ലെന്ന് മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ കസേരയിൽ ഇരുന്നു ഇങ്ങനെ ചെയ്യുന്നത് രാഷ്ട്രീയമായി ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. വിഷം തുപ്പുന്ന പ്രസംഗം നടത്തിയ ആളാണ് കോൺഗ്രസിൽ എത്തിയത്. ഭൂതകാലത്തെ പരാമർശം തിരുത്താത്ത വ്യക്തിക്ക് കോൺഗ്രസ് സർട്ടിഫിക്കറ്റ് നൽകി. അത് നാടാകെ അംഗീകരിക്കണം എന്ന് പറയുന്നത് രാഷ്ട്രീയമായി ശരിയല്ലെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് പറയുന്നു. മതം ഉപയോഗിച്ച് രാഷ്ട്രീയത്തെ നേരിടാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*