കീം പ്രവേശന പരീക്ഷകൾ ജൂൺ 5 മുതൽ 9 വരെ നടക്കുമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം : സംസ്ഥാനത്ത് ഓൺലൈൻ കീം എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകൾ ജൂൺ 5 മുതൽ 9 വരെ നടക്കുമെന്ന് മന്ത്രി ആർ ബിന്ദു. എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി. 113447 വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുക്കും. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് വിപുലമായ ഈ പരീക്ഷ നടക്കുന്നത്. പരീക്ഷയിൽ എന്തെങ്കിലും പ്രശ്നം നേരിടുന്നവർക്ക് ജൂൺ 10 ന് വീണ്ടും പരീക്ഷ എഴുതാം. പരീക്ഷ നടത്തിപ്പിന് ജില്ലയിൽ കൺട്രോൾ റൂം തുറക്കും.

 ജൂൺ 20-നുള്ളിൽ ഫലം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ സ്ഥാപനമായ സി-ഡിറ്റാണ് ഓൺലൈൻ പരീക്ഷക്കുള്ള സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് കീം എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകൾ ഓൺലൈനായി നടത്തുന്നത്. അതേസമയം, പ്രവേശനപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി. പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘KEAM 2024-Candidate Portal’ എന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം. വിശദ വിവരങ്ങൾക്ക് പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*