സംവിധായകൻ രഞ്ജിത്തിനെതിരായ ആരോപണത്തിലെ നിജസ്ഥിതി പരിശോധിക്കണമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം : സംവിധായകൻ രഞ്ജിത്തിനെതിരായ ആരോപണത്തിലെ നിജസ്ഥിതി പരിശോധിക്കണമെന്ന് മന്ത്രി ആർ ബിന്ദു. തീരുമാനം എടുക്കേണ്ടത് സാംസ്കാരിക വകുപ്പാണെന്നും മന്ത്രി പറഞ്ഞു. ലൈംഗികാരോപണം നേരിടുന്ന രഞ്ജിത്തിന് പ്രതിരോധം തീർത്ത് സജി ചെറിയാൻ രംഗത്തെത്തിയതിന് പിന്നാലെയാണ് സാംസ്കാരിക വകുപ്പ് മന്ത്രിയെ തിരുത്തി ആർ ബിന്ദുവിന്റെ പ്രതികരണം.

സിനിമാ മേഖല കാലങ്ങളായി അധമമായ അധികാരം നിലനിൽക്കുന്ന മേഖലയാണ്. സർക്കാരിന് സ്ത്രീകളുടെ കാര്യത്തിലുള്ളത് പോസിറ്റീവ് നിലപാടാണ്. നടിമാർക്ക് ആദ്യകാലം മുതൽ നേരിടേണ്ടി വരുന്നത് ദുരനുഭവങ്ങളാണെന്നും മന്ത്രി പറഞ്ഞു.

ഈ മേഖലയിലെ ലിംഗപരമായ അസമത്വങ്ങളെ ചോദ്യം ചെയ്താണ് ​ഡബ്ല്യുസിസി വന്നത്. അവരുടെ അഭിപ്രായങ്ങളെ സ്ത്രീപക്ഷ സർക്കാർ സ്വീകരിച്ചു. ജസ്റ്റിസ് ഹേമ കമ്മറ്റി മുന്നോട്ട് വച്ച എല്ലാ നിർദേശങ്ങളും സർക്കാർ നടപ്പാക്കും. അന്തിമ തീരുമാനം എടുക്കേണ്ടത് സാംസ്കാരിക വകുപ്പ്. നടി പറഞ്ഞത് വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ പ്രശ്നമല്ലെന്നും മന്ത്രി ആർ ബിന്ദു.

കേവലം ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ രഞ്ജിത്തിനെതിരെ നടപടിയെടുക്കാനാവില്ലെന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. രഞ്ജിത്ത് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും. രഞ്ജിത് ഇന്ത്യ കണ്ട് പ്ര​ഗത്ഭനായ മികച്ച കലാകാരനാണ് അദ്ദേഹത്തിനെതിരെ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരസ്യമായി ഒരു വ്യക്തി ആരോപണം ഉന്നയിച്ചു, പരസ്യമായി ആരോപണവിധേയൻ അത് തള്ളി. പരാതി ലഭിച്ചാൽ അന്വേഷിക്കും. ഇപ്പോള്‍ പരാതി പറയുന്ന ഒരാളും എന്തുകൊണ്ടാണ് നേരത്തെ വിവരാവകാശ കമ്മീഷനില്‍ പരാതി നല്‍കാതിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം രഞ്ജിത് ലൈം​ഗികമായി അതിക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബം​ഗാളി നടി ശ്രീലേഖ മിത്ര രം​ഗത്തെത്തിയിരുന്നു. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു രഞ്ജിത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് മിത്ര മാധ്യമങ്ങളോട് പറഞ്ഞു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര പറഞ്ഞു.

സംഭവത്തിൽ നടി പരാതി നൽകുമെന്ന് സംവിധായകൻ ജോഷി ജോസഫ് പറഞ്ഞു. സംഭവദിവസം തന്നെ നടി തന്നോട് വിവരം പറഞ്ഞിരുന്നു. കെ ആർ മീരയ്ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും അദ്ദേഹം  പറ‍ഞ്ഞു. ശ്രീലേഖയെ ഓഡിഷനായി വിളിച്ചതല്ല. രഞ്ജിത്തിൻ്റെ ഫ്ലാറ്റിൽ വച്ചായിരുന്നു ശ്രീലേഖയ്ക്ക് ദുരനുഭവമുണ്ടായത്. കെ ആർ മീരയ്ക്ക് ഇക്കാര്യം അറിയാമായിരുന്നു. കെ ആർ മീര പൊതുവേദിയിൽ രഞ്ജിത്തിൻ്റെ പ്രവർത്തിയെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ടെന്നും ജോഷി ജോസഫ് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*