തിരുവനന്തപുരം നഗരത്തിലുണ്ടായ കുടിവെള്ള പ്രശ്‌നത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നതായി മന്ത്രി പറഞ്ഞു. രാത്രി തന്നെ മുഴുവൻ പ്രദേശങ്ങളിലും വെള്ളം എത്തുമെന്ന് മന്ത്രി വ്യക്തമാക്കി. മുൻകൂട്ടി കാണാൻ സാധിക്കാത്ത തടസ്സങ്ങൾ ഉണ്ടായതാണ് പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിൽ കാലതാമസം സംഭവിക്കാൻ കാരണമായതെന്ന് മന്ത്രി പറഞ്ഞു.
ലൈൻ ചാർജ് ചെയ്തപ്പോൾ വാൽവിൽ അപ്രതീക്ഷിതമായി സംഭവിച്ച ചോർച്ചയാണ് പ്രതിസന്ധിയിലേക്ക് തള്ളി വിട്ടതെന്ന് മന്ത്രി പറഞ്ഞു. പ്രതസന്ധി പരിഹരിക്കാൻ മുഴുവൻ സമയവും ക്യാമ്പ് ചെയ്തു പ്രവർത്തികൾക്ക് നേതൃത്വം നൽകിയ ജോയിന്റ് എംഡി ഡോ. ബിനു ഫ്രാൻസിസ് ഐഎഎസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.
തിരുവനന്തപുരം നഗരത്തെ നാല് ദിവസമായി വലച്ച പ്രശ്നത്തിന് ഇന്ന് രാത്രി 10 മണിയോടെയാണ് പരിഹാരം കണ്ടെത്താൻ കഴിഞ്ഞത്. കുടിവെള്ളം ലഭ്യമാകാതെ വന്നതോടെ ജനരോക്ഷവും പ്രതിഷേധവും ഉയർന്നിരുന്നു. പൂർണ്ണ തോതിൽ നഗരപ്രദേശങ്ങളിൽ വെള്ളം എത്താൻ രണ്ടുമണിക്കൂർ സമയമെടുക്കും. തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടു റെയിൽവേ ട്രാക്കിനു അടിയിൽ കൂടി പോകുന്ന 500 എംഎം 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിന് വേണ്ടിയാണ് പമ്പിങ് നിർത്തി വച്ചത്.
Be the first to comment