തൻ്റെ ഭർത്താവ് ജോർജ്ജ് ജോസഫിനെതിരായ ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : തന്റെ ഭർത്താവ് ജോർജ്ജ് ജോസഫിനെതിരായ ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്. ജോർജ്ജ് ജോസഫിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് അനുകൂലമായി ഓടയുടെ ഗതിമാറ്റിയെന്ന ആരോപണത്തിനെതിരെയാണ് നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞത്. റോഡ് അലൈൻമെന്റിൽ മാറ്റം വരുത്താൻ ജോർജ് ജോസഫ് ഇടപെട്ടു എന്നത് അടിസ്ഥാനരഹിതമായി കാര്യമാണെന്ന് മന്ത്രി പറഞ്ഞിരുന്നു.

ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അലൈൻമെന്റിൽ മാറ്റം വരുത്തി എന്നാണ് കൊടുമൺ പഞ്ചായത് പ്രസിഡന്റ്‌ കെ കെ ശ്രീധരൻ ആരോപിച്ചത്. കൃത്യമായ രേഖകളോടെ (റവന്യൂ, പിഡബ്ല്യുഡി) ഔദ്യോഗികമായി അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ള വസ്തുവാണത്. ഒരടി പോലും പുറംപോക്ക് ഈ വസ്തുവിൽ ഇല്ല. അലൈൻമെൻ്റിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം ഈ ഭാഗത്ത് ഉണ്ടായിട്ടില്ല. അലൈൻമെന്റ് മാറ്റി എന്ന് അപകീർത്തിപ്പെടുത്തി അപമാനിച്ചതിനാല്‍ മാനനഷ്ട കേസ് നൽകാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

കിഫ്‌ബി നിശ്ചയിച്ച അലൈൻമെന്റിൽ നിന്ന് ഒരു മാറ്റവും വരുത്തിയിട്ടില്ല. താൻ എംഎൽഎ ആകുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഭർത്താവിന് കൊടുമണ്ണിലെ 22.5 സെന്റ് സ്ഥലം ഉണ്ടായിരുന്നു. കെട്ടിടം വച്ചത് 1.89 കോടിരൂപ ബാങ്ക് ലോണെടുത്താണെന്നും മന്ത്രി സമൂഹമാധ്യമത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനു മുന്നിലൂടെയാണ് ഏഴംകുളം -കൈപ്പട്ടൂർ റോഡ് പോകുന്നത്. ഈ റോഡിന് കിഫ്ബിയിലൂടെ പണം അനുവദിച്ച് ബിഎം ആൻ്റ് ബിസി ടാറിങ്ങിനായുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടക്കുകയാണ്.

താൻ മന്ത്രിയാകുന്നതിനു മുൻപ് 2020 ലാണ് 12 മീറ്റർ വീതിയിൽ റോഡ് നിർമാണത്തിന് കിഫ്ബി ധനാനുമതി നൽകിയത്. ഈ പറയുന്ന ഭാഗത്ത് റോഡിന്റെ വീതി 17 മീറ്ററാണ്. ഈ റോഡിന് ഇത്രയും വീതി മറ്റൊരിടത്തുമില്ല. റോഡ് നിർമ്മാണം നടക്കുന്നത് കിഫ്ബി 2020 ൽ അനുവദിച്ച 12 മീറ്റർ വീതിയിൽ കെആർഎഫ്ബി നിശ്ചയിച്ച അലൈൻമെൻ്റിലാണ്. അതിൽ ഒരുതരത്തിലുള്ള മാറ്റവും ഈ ഭാഗത്ത് ഉണ്ടായിട്ടില്ല.

ഇവിടെയാണ് കോൺഗ്രസുകാർ കൊടി കുത്തിയതെന്ന് മന്ത്രി പറഞ്ഞു. അതേസമയം ഈ റോഡിനോട് ചേർന്ന് എതിർവശത്തുള്ള കോൺഗ്രസ് ഓഫീസ് പുറമ്പോക്കിലാണ് ഉള്ളത്. അവിടെ രേഖകളിൽ വീതി 23.5 മീറ്ററാണ്. അളന്നു നോക്കിയാൽ 14 മീറ്റർ മാത്രമാണ് ഇപ്പോൾ അവിടെയുള്ളതെന്നും മന്ത്രി ആരോപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*