കോഴ കൊടുത്ത് മന്ത്രിസ്ഥാനം വാങ്ങാൻ കഴിയുന്ന മുന്നണിയല്ല കേരളത്തിലെ എൽഡിഎഫ് എന്ന് മന്ത്രി വി ശിവൻകുട്ടി.1957 മുതലുള്ള ചരിത്രം അത് തെളിയിച്ചിട്ടുള്ളതാണ്,അതുതന്നെയാണ് മുന്നണിയുടെ ഇപ്പോഴത്തെയും നിലപാട്.കോഴ വാങ്ങി മന്ത്രി എന്നല്ല ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ എൽഡിഎഫിൽ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
താൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ അംഗമല്ല അതുകൊണ്ട് തന്നെ മാധ്യമ വാർത്തകൾക്ക് അനുസരിച്ച് വിലയിരുത്താൻ ആവില്ല. കോഴ വാഗ്ദാന ആരോപണം നൂറ് ശതമാനം തള്ളിക്കളയുന്നുവെന്നും രാഷ്ട്രപതി ദൗപതി മുർമുവിന് കേരള നിയമസഭയിൽ നിന്ന് ഒരു വോട്ട് ലഭിച്ചതൊക്കെ ഒരുപാട് ചർച്ച ചെയ്തു കഴിഞ്ഞതാണെന്നും ശിവൻകുട്ടി പറഞ്ഞു .
അതേസമയം, തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചയിലാണ് മുഖ്യമന്ത്രി സിപിഐഎം സെക്രട്ടറിയേറ്റിൽ പരാതി ഉന്നയിച്ചത്. എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.ആരോപണം സ്ഥിരീകരിക്കാന്‍ മുഖ്യമന്ത്രി കോവൂര്‍ കുഞ്ഞുമോനെ വിളിപ്പിച്ചു. കൊട്ടാരക്കര പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വച്ചാണ് മുഖ്യമന്ത്രി കോവൂരിനെ കണ്ടത്. ആരോപണം മുഖ്യമന്ത്രിക്ക് മുന്നില്‍ കോവൂര്‍ നിഷേധിച്ചു. എന്നാല്‍ ആന്റണി രാജു ആരോപണം മുഖ്യമന്ത്രിയോട് സ്ഥിരീകരിച്ചു. വാര്‍ത്ത നിഷേധിക്കുന്നില്ല എന്ന് ആന്റണി രാജു പറഞ്ഞു . താന്‍ പ്രതികരിക്കേണ്ട സമയമായില്ലെന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്നുമാണ് ആന്റണി രാജുവിന്റെ പക്ഷം.
കോഴ ആരോപണം എന്‍സിപി നേതൃയോഗവും ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. 19ന് നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് കോഴ ചര്‍ച്ച ചെയ്തത്. തോമസ് കെ തോമസ് തന്നെയാണ് വിഷയം ഉന്നയിച്ചത്. കോഴ ആരോപണവുമായി ബന്ധപ്പെട്ട് തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ആരോപണത്തിന്റെ നിജസ്ഥിതി തെളിയിക്കണം എന്ന് ആവശ്യപ്പെട്ടാണ് കത്ത്. ഇന്നലെയാണ് കത്ത് നല്‍കിയത്.
Be the first to comment