എഡിജിപിയെ മാറ്റി നിര്‍ത്തണമെന്നത് അന്‍വറിന്റെ ആവശ്യം, സര്‍ക്കാരിന് അങ്ങനെ അഭിപ്രായമില്ല: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍, അദ്ദേഹത്തെ മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്ന ആവശ്യം തള്ളി മന്ത്രി വി ശിവന്‍കുട്ടി. എഡിജിപി അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്നത് പി വി അന്‍വറിന്റെ മാത്രം ആവശ്യമാണ്. സര്‍ക്കാരിന് അങ്ങനെ അഭിപ്രായമില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ സര്‍ക്കാര്‍ നിയമപരമായ നടപടിയെടുത്തു. ചില മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. പ്രതിപക്ഷ നേതാവിന്റെ ആക്ഷേപങ്ങളൊക്കെ കേരളത്തില്‍ ആരെങ്കിലും വിശ്വസിക്കുമോയെന്ന് വി ശിവന്‍കുട്ടി ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സര്‍ക്കാര്‍ നിയമാനുസരണം കൈകാര്യം ചെയ്യുന്നു. അന്‍വര്‍ വെളിപ്പെടുത്തിയ കാര്യങ്ങളും നിയമാനുസരണം കൈകാര്യം ചെയ്യുകയാണ്. അന്‍വറിന്റെ പറഞ്ഞ കാര്യങ്ങളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു കഴിഞ്ഞു. മാധ്യമങ്ങള്‍ ഇതില്‍ വിഷമിക്കേണ്ട കാര്യമില്ല.

എഡിജിപി അജിത് കുമാറിനെതിരായ കാര്യങ്ങളില്‍ അന്വേഷിക്കാന്‍ അന്തസ്സായി തീരുമാനിച്ചിട്ടുണ്ട്. ആ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ, തീരുമാനിക്കാം. ക്രമസമാധാനച്ചുമതല വഹിക്കുന്ന എഡിജിപിയെ ആ പദവിയില്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ അന്വേഷിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, അത് അന്‍വറിന്റെ അഭിപ്രായം, സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു എന്നും വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*