മന്ത്രി വാസവന്റെ ഇടപെടൽ; തായ്‌ലാൻഡിൽ കുടുങ്ങിയ 16 അംഗ വിനോദയാത്രാസംഘം നാട്ടിലെത്തി

ട്രാവൽ ഏജൻസി ഉടമയുടെ വഞ്ചനയിൽ അകപ്പെട്ട് തായ്‌ലാൻഡിൽ കുടുങ്ങിയ 16 പേരടങ്ങിയ വിനോദയാത്രാസംഘം തിരിച്ചു നാട്ടിലെത്തി. തട്ടിപ്പ് നടത്തിയ ഏറ്റുമാനൂരിലെ ട്രാവൽകെയർ ഏജൻസി ഉടമ അഖിൽ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. മന്ത്രി വി.എൻ. വാസവന്റെ ഇടപെടലിലാണ് 14 മുതിർന്നവരും രണ്ടു കുട്ടികളും അടങ്ങുന്ന സംഘം സുരക്ഷിതമായി നാട്ടിലെത്തിയത്. തിരുവനന്തപുരം, മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവർ സംഘത്തിൽ ഉണ്ടായിരുന്നു.

ഇവർ 20-നാണ് കൊച്ചിയിൽ നിന്ന് തായ്‌ലാൻഡിലേക്ക് പുറപ്പെട്ടത്. അഖിൽ കരാർ നൽകിയ പട്ടായയിലെ ടുറാസ്റ്റിക്കിന്റെ പ്രതിനിധി കാർലുവായിരുന്നു സംഘത്തിന്റെ തായ്‌ലാൻഡിലെ ട്രാവൽ ഏജന്റ്. രണ്ടാം ദിവസം ഉച്ചകഴിഞ്ഞുള്ള യാത്രാ പരിപാടികളെക്കുറിച്ച് അറിയിപ്പ് ലഭിക്കാതിരുന്നതോടെ സംഘം നടത്തിയ അന്വേഷണത്തിലാണ് ചതിക്കുഴിയിൽപ്പെട്ട വിവരം അറിഞ്ഞത്. തൊട്ടുപിന്നാലെ ഏജൻസി പ്രതിനിധി പട്ടായയിലെ ഗോൾഡൻ സീ ഹോട്ടലിലെത്തി സംഘത്തെ ഭീഷണിപ്പെടുത്തി.

പാസ്‌പോർട്ട് പിടിച്ചുവെയ്ക്കും, മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റ് റദ്ദു ചെയ്യും, പട്ടായ പോലീസിൽ പരാതി നൽകി കുടുക്കും എന്നൊക്കെയായിരുന്നു ഭീഷണി. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാത്രി എട്ടരയോടെ സംഘത്തിലെ മാധ്യമപ്രവർത്തകൻ മന്ത്രി വി.എൻ. വാസവനെ ഫോണിൽ വിളിച്ച് കാര്യം അറിയിച്ചു. തുടർന്ന് മന്ത്രിയും അദ്ദേഹത്തിന്റെ സുഹൃത്തും തായ്‌ലാൻഡിൽ ബിസിനസുകാരനുമായ അജയൻ വർഗീസും നടത്തിയ ഇടപെടലിൽ സംഘം സുരക്ഷിതമായി വെള്ളിയാഴ്ച പുലർച്ചെ നാട്ടിലെത്തുകയായിരുന്നു.

അതേസമയം, ട്രാവൽ ഏജൻറ് അഖിലിന്റെ തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വർഷങ്ങളോളം പട്ടായയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു ട്രാവൽ കെയർ ഉടമ അഖിൽ. കോവിഡ് സമയത്ത് നാട്ടിലെത്തിയ അഖിൽ ഏറ്റുമാനൂരിൽ ട്രാവൽ ഏജൻസി തുടങ്ങുകയായിരുന്നു. രണ്ടാം വിവാഹത്തിനു ശേഷമാണ് അഖിൽ ഏറ്റുമാനൂരിൽ താമസം ആരംഭിച്ചത്. ഭാര്യാ സഹോദരനെയും അമ്മയെയും പോലീസ് ചോദ്യം ചെയ്തു. സഹോദരന്റെ കൈയിൽ നിന്ന് അഖിലിന്റെ മൂന്ന് ഫോൺ നമ്പറുകൾ ലഭിച്ചതൊഴിച്ചാൽ മറ്റു വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് പോലീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*