ഈ വർഷത്തോടെ സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും വൈദ്യുതീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും ഈ വർഷത്തോടെ സമ്പൂർണമായി വൈദ്യുതീകരിക്കുമെന്ന് സംസ്ഥാന വനിതാശിശു വികസന മന്ത്രി വീണാ ജോർജ്.  പുതിയ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പൂജപ്പുരയിലെ സ്മാർട്ട് അങ്കണവാടിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് 33,115 അങ്കണവാടികളാണുള്ളത്. ഇതിൽ 2500 ഓളം അങ്കണവാടികൾ വൈദ്യുതീകരിച്ചിട്ടില്ലാത്തവയായിരുന്നു. എന്നാൽ ഇപ്പോൾ വൈദ്യുതീകരിക്കാത്തവയുടെ എണ്ണം 200 താഴെ മാത്രമാണ്.  ആ അങ്കണവാടികളിൽ കൂടി വൈദ്യുതി എത്തിച്ച് ഈ വർഷം തന്നെ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ആദിവാസി മേഖലകളിൽ ഉൾപ്രദേശങ്ങളിലുള്ള, വൈദ്യുതി ലൈൻ വലിക്കാൻ ബുദ്ധിമുട്ടുള്ള അങ്കണവാടികളിലേക്ക് കെ.എസ്.ഇ.ബിയുടെ സൗരോർജ പാനൽ ഉപയോഗിച്ച് വെളിച്ചമെത്തിക്കും. അങ്കണവാടികളിൽ ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും  വിതരണം ചെയ്യുന്നത് എല്ലാ ദിവസവുമാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 30 ൽ അധികം സ്മാർട്ട് അങ്കണവാടികളാണുള്ളത്. സ്മാർട്ട് അങ്കണവാടികളുടെ എണ്ണം കൂട്ടാനും പദ്ധതിയുണ്ട്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റേയും വകുപ്പിന്റേയും എം.എൽ.എ, എം.പി ഫണ്ടുകളും പ്രയോജനപ്പെടുത്തും. കെട്ടുറപ്പുള്ള കെട്ടിടം, കുട്ടികളുടെ മാനസിക-ശാരീരിക വളർച്ചക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കൽ, കളി ഉപകരണങ്ങൾ ലഭ്യമാക്കൽ എന്നിവയാണ് സ്മാർട്ട് അങ്കണവാടി കൊണ്ട് ഉദ്ദേശിക്കുന്നത്.

മൂന്നു മുതൽ ആറു വരെ പ്രായത്തിലുള്ള കുരുന്നുകളുടെ വളർച്ച അവരുടെ ഭാവി നിർണയിക്കുന്നതിൽ  പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞാണ് അങ്കണവാടികളിൽ സർക്കാർ പ്രത്യേകം സൗകര്യങ്ങളും ശ്രദ്ധയും മാനസിക-ഭൗതിക വികാസത്തിന് അനുസൃതമായ സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*