മന്ത്രി വി.എൻ.വാസവൻ ഇടപെടുന്നു ; ഏറ്റുമാനൂരപ്പൻ ബസ്ബേ നവീകരണത്തിന് വഴിതെളിയുന്നു

ഏറ്റുമാനൂർ : മന്ത്രി വി.എൻ.വാസവൻ ഇടപെടുന്നു. വർഷങ്ങളായി അവഗണിക്കപ്പെട്ട ഏറ്റുമാനൂരപ്പൻ ബസ് ബേക്ക് ഉടൻ ശാപമോക്ഷമാകും. കാത്തിരിപ്പുകേന്ദ്രത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് 14നു രാവിലെ 10.30നു മന്ത്രി വി.എൻ.വാസവൻ ബസ് ബേ സന്ദർശിക്കും. തുടർന്നു ദേവസ്വം ബോർഡ് അധികൃതരുമായി സംസാരിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും യോഗത്തിൽ പങ്കുചേരും.

അന്നു രാവിലെ ക്ഷേത്രത്തിൽ നടക്കുന്ന ചുമർച്ചിത്ര സംരക്ഷണത്തിന്റെ ഉദ്ഘാടനത്തിനു ശേഷമാകും മന്ത്രി ബസ് ബേയിലെത്തുക. കാത്തിരിപ്പ് കേന്ദ്രത്തിന്റെ അവസ്ഥ നേരിൽകണ്ട് മനസ്സിലാക്കി എന്തൊക്കെ നവീകരണ പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്നു വിലയിരുത്തും. ഏറ്റുമാനൂർ പഞ്ചായത്തായിരുന്ന കാലത്തു ജില്ലാ പഞ്ചായത്തിന്റെ ഹരിവരാസനം പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ്ബേ നിർമിച്ചത്.

  ഇപ്പോൾ മേൽക്കൂര തകർന്ന് കാത്തിരിപ്പ് കേന്ദ്രം ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്.  ഇരുട്ടുവീണാൽ തെരുവുനായ്ക്കളുടെ താവളമായി ഇവിടം മാറും. ലൈറ്റുകൾ ഇല്ലാത്തതിനാൽ പ്രദേശം കൂരിരുട്ടിലാണ്. മേൽക്കൂരയിലെ ഇരുമ്പുപൈപ്പ് ഒടിഞ്ഞുതൂങ്ങി അപകടാവസ്ഥയിലാണ്. കാത്തിരിപ്പുകേന്ദ്രത്തിനുള്ളിൽ ലൈറ്റ്, ഫാൻ, എന്നിവ സ്ഥാപിക്കുമെന്നായിരുന്നു പദ്ധതിയുടെ തുടക്കത്തിൽ പറഞ്ഞിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*