അവയവം സ്വീകരിക്കുന്നതിനുള്ള പ്രായ പരിധി നീക്കി ആരോഗ്യമന്ത്രാലയം

ദില്ലി:അവയവം സ്വീകരിക്കുന്നതിനുള്ള പ്രായ പരിധി നീക്കി ആരോഗ്യമന്ത്രാലയം. ആയുർദൈർഘ്യം കണക്കിലെടുത്താണ് മരിച്ചവരിൽ നിന്ന് അവയവം സ്വീകരിക്കുന്നതിനുള്ള ഉയർന്ന പരിധി നീക്കിയത്. അവയവ ദാനത്തിനായി ദേശീയ നയം രൂപീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ നിന്ന് അവയവം സ്വീകരിക്കാനുള്ള പരമാവധി പ്രായപരിധി നേരത്തെ 65 വയസായിരുന്നു. ഇത് നീക്കിയതായാണ് ഇപ്പോൾ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ആയുർദൈർഘ്യം കൂടിയ  സാഹചര്യത്തിൽ 65 വയസ് ഉയര്‍ന്ന പ്രായമായി കണക്കാക്കാനാകില്ലെന്നും, മുതിർന്ന പൌരന്മാർക്കും അവസരം ലഭിക്കണമെന്നും വ്യക്തമാക്കിയാണ് തീരുമാനം.എന്നാൽ മുൻഗണന യുവാക്കൾക്കായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. 

ഒരു രാജ്യം ഒരു നയം പ്രഖ്യാപനത്തിന്‍റെ  അടിസ്ഥാനത്തിൽ അവയവ ദാന ചട്ടങ്ങളിൽ മാറ്റം വരുത്താനാണ് കേന്ദ്ര നീക്കം. ഇതിനായി ദേശീയ നയം രൂപീകരിക്കും. അവയവ ദാന ചട്ടങ്ങളിലും സുപ്രധാന മാറ്റങ്ങൾ വരുത്തും. സ്വന്തം സംസ്ഥാനത്ത് മാത്രം രെജ്സിട്രേഷനെന്ന ചട്ടം ഒഴിവാക്കും. ഇനി രാജ്യത്ത് എവിടെയും രജിസ്ട്രേഷൻ നടത്താം. കേരളമുൾപ്പടെ ചില സംസ്ഥാനങ്ങളിൽ അവയവദാന രെജിസ്ട്രേഷന് പണമീടാക്കുന്നുണ്ട്. ഇത് ഒഴിവാക്കാനും തീരുമാനമായി. അവയവ ദാനത്തിൻറെ കണക്ക് ഉയരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 2013ല്‍ രാജ്യത്ത് ആകെ 4990 അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടന്നപ്പോള്‍ 2022 ല്‍ 15,561 ശസ്ത്രക്രിയകള്‍ നടന്നു. അവയവമാറ്റത്തിന്‍റെ  കണക്കിൽ മൂന്നമതാണ് ഇന്ത്യ.

Be the first to comment

Leave a Reply

Your email address will not be published.


*