ദുരിതപ്പെയ്ത്ത്; കോട്ടയത്ത് മണ്ണിടിച്ചിൽ, വീടുകൾ തകർന്നു; കൊച്ചിയിലും മഴ ശക്തം

കോട്ടയം: കേന്ദ്ര കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ച കോട്ടയത്തും എറണാകുളത്തും കനത്ത മഴ തുടരുന്നു. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

കൊച്ചിയിലും മഴ ശക്തമാണ്. കളമശ്ശേരിയിൽ ഏകദേശം 400 ഓളം വീടുകളിൽ വെള്ളം കയറി. കളമശ്ശേരി മൂലേപ്പാടത്ത്  മാത്രം 200 ഓളം വീടുകളിലാണ് വെള്ളം കയറി. നിലവിൽ രണ്ട് ദുരിതാശ്വാസക്യാമ്പുകൾ കളമശ്ശേരിയിൽ ആരംഭിച്ചിട്ടുണ്ട്. കളമശ്ശേരി ഗവൺമെന്റ് സ്കൂളിലും, എച്ച്എംടി സ്കൂളിലുമാണ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്. മന്ത്രി പി രാജീവ്  സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കളമശ്ശേരി പത്തടിപ്പാലം മ്യൂസിയം നഗറിൽ നിർത്തിയിട്ടിരുന്ന കാർ വെള്ളകെട്ടിൽ ഒഴുകിപ്പോകാൻ തുടങ്ങിയതോടെ പ്രദേശവാസികളും കയറികെട്ടി വലിച്ച് കയറ്റി.  

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പുകൾ പുതുക്കി. കോട്ടയത്തും എറണാകുളത്തും റെഡ് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വയനാടും കാസർകോടും കണ്ണൂരുമൊഴികെ മറ്റ്  11 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്.  

കനത്ത മഴയിൽ സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് പേരാണ് മരിച്ചത്. ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് വീണ് യുവാവ് മരിച്ചു. ആലപ്പുഴ കുളങ്ങര ധർമ്മപാലന്റെ മകൻ അരവിന്ദ് ആണ് മരിച്ചത്. മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. എറണാകുളം വേങ്ങൂരിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*