46 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവില്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തിരുവനന്തപുരം മാരായമുട്ടം സ്വദേശി ജോയിയുടെ മൃതദേഹം കണ്ടെത്തി. ജോയിയെ കാണാതായ ടണലിന് പുറത്തുള്ള തകരപ്പറമ്പിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. തോട്ടിലെ പൈപ്പിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്.
മൃതദേഹം ജോയിയുടേതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് തിരുവനന്തപുരം നഗരഹൃദയത്തില്‍ ശുചീകരണത്തൊഴിലാളിയായ ജോയി മാലിന്യം നിറഞ്ഞ ആമയിഴഞ്ചാന്‍ തോട്ടില്‍ അകപ്പെട്ടത്. ശുചീകരണ ജോലിക്കിടെ റെയില്‍വേ സ്റ്റേഷന് അടിവശത്തുകൂടി കടന്നുപോകുന്ന തുരങ്കസമാനമായ ഭാഗത്തുവച്ചാണ് ജോയി മാലിന്യങ്ങള്‍ക്കിടയില്‍ ഒഴുക്കില്‍പ്പെട്ടത്.
ശനിയാഴ്ച ആരംഭിച്ച രക്ഷാപ്രവര്‍ത്തനം ഇന്ന് രാവിലെയും തുടരുകയായിരുന്നു. പോലീസിനും ഫയര്‍ഫോഴ്സിനും പുറമേ സാങ്കേതിക വിദ്യകള്‍ കൂടി ഉപയോഗിച്ചായിരുന്നു രക്ഷാ പ്രവർത്തനം.
കോര്‍പ്പറേഷന്‍ താല്‍ക്കാലിക ജീവനക്കാരനായ 42കാരനായ ജോയിയടക്കം നാല് പേരാണ് ശുചീകരണത്തിനായി ആമയിഴഞ്ചാന്‍ തോട്ടിലിറങ്ങിയത്. തോട്ടില്‍ വീണയുടനെ സഹതൊഴിലാളികള്‍ ഇദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തോട്ടിലെ ഒഴുക്കില്‍പ്പെട്ട് പോയെന്നാണ് നിഗമനം.
Be the first to comment