കോട്ടയത്ത് നിന്നും കാണാതായ സിവില്‍ പോലീസ് ഓഫീസര്‍ ഫോണിലൂടെ കുടുംബവുമായി ബന്ധപ്പെട്ടു. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സിപിഒ മുഹമ്മദ് ബഷീറാണ് തമിഴ്‌നാട്ടിലെ ഏര്‍വാടി പള്ളിയില്‍ താനുണ്ടെന്ന് കുടുംബത്തെ അറിയിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ നാട്ടിലെത്തുമെന്നും ഇയാള്‍ അറിയിച്ചെന്നാണ് സൂചന. കോട്ടയം താഴത്തങ്ങാടി സ്വദേശിയായ ബഷീറിനെ ഇന്ന് രാവിലെ മുതല്‍ കാണാതായത്. അമിത ജോലി ഭാരവും തൊഴില്‍ സമ്മര്‍ദ്ദവും കാരണം ഇയാള്‍ കടുത്ത മനോവിഷമത്തിലായിരുന്നുവെന്നാണ് വിവരം.
രാവിലെ ബഷീറിന് ഒരു വാറന്റ് നടപ്പിലാക്കാനുണ്ടായിരുന്നു. അതിനായി സഹപ്രവര്‍ത്തകനായ പോലീസ് ഓഫീസര്‍ രാവിലെ നാലരയോടെ ബഷീറിനെ വിളിച്ചിരുന്നു. താന്‍ റെഡിയായി നില്‍ക്കുകയാണ് വീട്ടിലേക്ക് വരാനായിരുന്നു മറുപടി. ഇതനുസരിച്ച് സഹപ്രവര്‍ത്തകന്‍ എത്തിയപ്പോള്‍ ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഫോണ്‍ വീട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബഷീര്‍ വീട്ടില്‍ നിന്നും ഇറങ്ങിയെന്നാണ് ഭാര്യ പ്രതികരിച്ചത്. അടുത്തെവിടെയെങ്കിലും ഉണ്ടാകും എന്ന് കരുതി ഉദ്യോഗസ്ഥൻ കാത്തിരുന്നു. പിന്നീട് തിരക്കിയപ്പോള്‍ പേഴ്‌സും എടിഎം കാര്‍ഡും എടുത്തിട്ടാണ് പോയതെന്ന് അറിയാന്‍ കഴിഞ്ഞു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ടിക്കറ്റ് എടുത്ത് ഇയാൾ ട്രെയിനില്‍ കയറിയതായി മനസിലായി. ഇതിനനുസരിച്ചുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ബന്ധുക്കളെ തേടി ബഷീറിന്റെ വിളിയെത്തിയത്. ബഷീറിന്റെ ഭാര്യ കോട്ടയം ജില്ലാ ആശുപത്രിയില്‍ നഴ്‌സ് ആണ്. രണ്ടു കുട്ടികളുണ്ട്.
Be the first to comment