ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ്(Mithali Raj) രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്ററായ മിതാലി രാജ് ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരി കൂടിയാണ്. 23 നീണ്ട കരിയറിന് 39-ാം വയസിലാണ് മിതാലി അവസാനമിടുന്നത്.എല്ലാവരുടേയും പിന്തുണയ്‌ക്ക് നന്ദിയറിയിക്കുന്നതായും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സിന് പിന്തുണയും ആശംസയും പ്രതീക്ഷിക്കുന്നതായും മിതാലി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വനിതാ ബാറ്ററാണ് മിതാലി രാജ്. 1999ല്‍ തന്‍റെ 16-ാം വയസില്‍ ഏകദിന അരങ്ങേറ്റത്തില്‍ പുറത്താകാതെ 114* റണ്‍സ് നേടിയാണ് മിതാലി രാജ്യാന്തര ക്രിക്കറ്റിലേക്ക് വരവറിയിച്ചത്. വനിതാ ടെസ്റ്റില്‍ 12 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളുമായി 699 റണ്‍സാണ് മിതാലിയുടെ നേട്ടം. അതേസമയം ഏകദിനത്തില്‍ 232 മത്സരങ്ങളില്‍ ഏഴ് സെഞ്ചുറികളും 64 ഫിഫ്റ്റികളുമായി 7805 റണ്‍സ് സ്വന്തമാക്കി. വനിതകളുടെ ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരി മിതാലി തന്നെ. വനിതാ ടി20യില്‍ 89 മത്സരങ്ങളില്‍ 17 അര്‍ധശതകങ്ങളോടെ 2364 റണ്‍സും പേരിലാക്കി. മിതാലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 2017 ലോകകപ്പില്‍ ഫൈനലിലെത്തിയിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*