പ്ലസ് ടു കഴിഞ്ഞും പഠിക്കാൻ പോകുന്ന ആൺകുട്ടികൾക്ക് മാസം തോറും പണം: പുതിയ പദ്ധതിയുമായി ഡിഎംകെ സർക്കാർ

തമിഴ്‌നാട്ടിൽ ആൺകുട്ടികളെ ഉന്നത പഠനത്തിന് പ്രോത്സാഹിപ്പിക്കുന്നതിനായി ഡിഎംകെ സർക്കാർ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചു. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്ക് പ്രതിമാസം ആയിരം രൂപ വീതം ലഭിക്കുന്ന തമിൾ പുതൽവൻ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇതിൻ്റെ ഗുണം ലഭിക്കും.

സംസ്ഥാനത്തെ സർക്കാർ സ്കൂളുകിൽ ആറാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് പോവുകയാണെങ്കിൽ അവർക്കാണ് മാസം തോറും ആയിരം രൂപ വീതം ലഭിക്കുക. 3.28 ലക്ഷം വിദ്യാർത്ഥികൾക്ക് ഇതിൻ്റെ ഗുണം ലഭിക്കും.

നേരത്തെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സംസ്ഥാനത്ത് സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കായി പ്രഖ്യാപിച്ച പുതുമൈ പെൺ പദ്ധതിക്ക് സമാനമാണ് ഈ പദ്ധതിയും. സർക്കാർ സ്കൂളിൽ ആറ് മുതൽ 12 വരെ ക്ലാസുകളിൽ പഠനം പൂർത്തിയാക്കി ഉന്നത പഠനത്തിന് പോകുന്ന കുട്ടികൾക്ക് 1000 രൂപ വീതം നിലവിൽ നൽകുന്നുണ്ട്. ഇത് ആൺകുട്ടികൾക്ക് കൂടി വ്യാപിപ്പിക്കാനാണ് പുതിയ തീരുമാനം.

2022 സെപ്തംബർ അഞ്ചിനാണ് സംസ്ഥാനത്ത് പെൺകുട്ടികൾക്ക് വേണ്ടി ഈ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചത്. 2022-23 കാലത്ത് 2.09 ലക്ഷം വിദ്യാർത്ഥികൾക്ക് ഇതിൻ്റെ നേട്ടം കിട്ടി. തൊട്ടടുത്ത വർഷം 64231 വിദ്യാർത്ഥികൾ കൂടി പദ്ധതിയിൽ ഭാഗമായി. പദ്ധതിക്ക് വേണ്ടി സംസ്ഥാന സർക്കാർ ഇതുരെ 371.77 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തേക്ക് ഈ പദ്ധതിയുടെ ചെലവിലേക്ക് 370 കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*