സോളാർ സമരം ന്യായമില്ലാത്തതായിരുന്നു, അത് പിണറായി വിജയന് അറിയാമായിരുന്നു’; ചാണ്ടി ഉമ്മൻ

സോളാർ സമരം ന്യായമില്ലാത്ത സമരമായിരുന്നുവെന്ന് എംഎൽഎ ചാണ്ടി ഉമ്മൻ. ന്യായവും നീതിയും ഇല്ലാത്തതുകൊണ്ടാണ് പിടിച്ചുനിൽക്കാൻ സാധിക്കാതിരുന്നത്. ഒരു കാമ്പുമില്ലാത്ത കേസ് ആണെന്ന് അറിഞ്ഞായിരുന്നു സമരമെന്നും അത് പിണറായി വിജയന് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒൻപത് വർഷം കൊണ്ട് അത് തെളിഞ്ഞു. ജനപിന്തുണയുള്ള മുഖ്യമന്ത്രിയെ മാറ്റാനുള്ള ശ്രമമാണ് നടന്നത്. വ്യാജ വാർത്തകളുടെ പിന്നാലെ സിപിഐഎം പോവുകയാണ് ചെയ്തതെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു.

സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത് ജോൺ ബ്രിട്ടാസ് എന്ന വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം ഇന്ന് രംഗത്തുവന്നിരുന്നു. നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ജോൺ ബ്രിട്ടാസിൻ്റെ ഇടപെടലെന്നാണ് മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ.

മലയാളം വാരികയിൽ പ്രസിദ്ധീകരിക്കുന്ന സോളാർ സത്യത്തെ മറച്ച സൂര്യഗ്രഹണം എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്താണ് ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ.ജോൺ ബ്രിട്ടാസ് വിളിച്ച് ഉമ്മൻ ചാണ്ടിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയിരിക്കുന്നത്. സമരം അവസാനിപ്പിക്കേണ്ടേ എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. നേരത്തെ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം പത്രസമ്മേളനം വിളിച്ചു പറഞ്ഞാൽ മതി എന്നായിരുന്നു ആവശ്യമെന്നും ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തി.

സോളാർ സമരത്തിൽ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെ പറ്റി അറിയില്ലെന്ന് തോമസ് ഐസക് പ്രതികരിച്ചു. കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജോൺ മുണ്ടക്കയത്തിന്റെ ലേഖനം വായിച്ചുവെന്നും പറഞ്ഞത് ശരിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.

സോളാർ സമരം ശക്തമായിരിക്കെയായിരുന്നു ഇടതുമുന്നണി സെക്രട്ടറിയേറ്റ് വളയൽ സമരം പ്രഖ്യാപിക്കുന്നത്. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആൾക്കൂട്ടം പങ്കെടുത്ത സമരമെന്ന നിലയിൽ ശ്രദ്ധേയമായിരുന്നു സെക്രട്ടറിയേറ്റ് സമരം. സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണം എന്നായിരുന്നു സമരത്തിൻ്റെ ആവശ്യം.

 

Be the first to comment

Leave a Reply

Your email address will not be published.


*