അതിരമ്പുഴ: എം ജി സർവകലാശാലയിൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടപ്പെട്ട സംഭവത്തിൽ നിരപരാധികളായ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ നീതി രഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് റോജി എം ജോൺ എം എൽ എ. എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ സർവകലാശാല ആസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന റിലേ സത്യാഗ്രഹത്തിന്റെ മൂന്നാം ദിവസത്തെ സമരത്തെ അഭിവാദ്യമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോർമാറ്റുകൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് സർവകലാശാല നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിച്ച് ഇക്കാര്യത്തിലെ ജീവനക്കാരുടെ നിരപരാധിത്വം ബോധ്യപ്പെട്ടിട്ടും അവരെ പുറത്തു നിർത്തിയിരിക്കുന്നത് അംഗീകരിക്കാനാവില്ല. ഈ നിലപാട് യഥാർത്ഥ കുറ്റവാളികൾക്ക് രക്ഷപെടുവാനുള്ള അവസരമാണ് സൃഷ്ടിക്കുന്നത്. ഇത് സംബന്ധിച്ച് നടക്കുന്ന പോലീസ് അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയിസ് ഓർഗനൈസേഷൻസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ മഹേഷ്, എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ജോസ് മാത്യു പ്രിയദർശിനി വനിതാ വേദി ചെയർപേഴ്സൺ സുജ എസ്, കൺവീനർ ഗായത്രി വി.ആർ എന്നിവർ പ്രസംഗിച്ചു. സൂസൻ സി.പി, ജയ്നമ്മ പി.കെ, മിനി മോൾ വി.കെ, സിമി.ജി, വൽസമ്മ വി.എൻ, സരിത കെ.പി, ജീന മേരി ജോൺ, അമ്പിളി തോമസ്, സുജ എസ്, ഗായത്രി വി ആർ എന്നിവർ സത്യാഗ്രഹം അനുഷ്ഠിച്ചു.
സമരത്തിന്റെ നാലാം ദിവസമായ നാളെ മഹിളാ കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ഷാനിമോൾ ഉസ്മാൻ, എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് എന്നിവർ സമരത്തിന് അഭിവാദ്യങ്ങൾ നേർന്നു സംസാരിക്കും.
Be the first to comment