മണിപ്പൂര്‍ വീണ്ടും അശാന്തം; നദിയില്‍ വീണ്ടും തലയറുത്ത നിലയില്‍ മൃതദേഹങ്ങള്‍; യോഗം വിളിച്ച് അമിത് ഷാ

മണിപ്പൂരില്‍ സംഘര്‍ഷം അതീവ രൂക്ഷം. വിഷയം ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച ഉന്നതലയോഗം പുരോഗമിക്കുകയാണ്. ഇറെങ്ബാമില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവെപ്പുണ്ടായി. അസമില്‍ നദിയില്‍ നിന്ന് 2 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ജിരിബാമില്‍ അക്രമസക്തരായ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷ സേന നടത്തിയവെടിവെപ്പില്‍ ഒരാള്‍ മരിച്ചു.

മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ മാറ്റണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നതിനിടെയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഉന്നതല യോഗം വിളിച്ചത്. പ്രതിരോധ ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതര്‍ പങ്കെടുക്കുന്ന യോഗത്തില്‍, സാഹചര്യം അവലോകനം ചെയ്യുകയാണ്. സമാധാനം പുനഃസ്ഥാപിക്കാനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അസമില്‍ നദിയില്‍ നിന്ന് തല അറുത്ത നിലയില്‍ 2 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മണിപ്പൂരില്‍ നിന്നു കാണാതായ മുത്തശ്ശിയുടെയും ചെറുമകേന്റതുമാണ് മൃതദേഹങ്ങള്‍ എന്നാണ് നിഗമനം.ഇറെങ്ബാമിലെ കര്‍ഷകരെ ആയുധധാരികളായ അക്രമികള്‍ ആക്രമിച്ചു.സുരക്ഷ സേന എത്തിയാണ് ആക്രമികളെ തുരത്തിയത്. കുകി സായുധ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ജിരിബാമില്‍ നടന്ന പ്രതിഷേധം അക്രമസക്തമായി.

5 ആരാധനാലയങ്ങളും, പെട്രോള്‍ പമ്പും, 14 വീടുകളും തീവച്ചു നശിപ്പിച്ചു.പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ ഒരു യുവാവ് മരിച്ചു. 25 പ്രതിഷേധാക്കരെ പോലീസ് അറസ്റ്റ് ചെയ്തു, പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ടു ദിവസത്തിനിടെ മണിപ്പൂരില്‍ 13 എംഎല്‍എമാരുടെ വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. ബിരേന്‍ സിങ് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ, സര്‍ക്കാറിന് സംസ്ഥാനത്ത് യാതൊരു നിയന്ത്രണവും ഇല്ലെന്ന് രൂക്ഷ വിമര്‍ശനവുമായി എന്‍പിപി രംഗത്തു വന്നു.

Be the first to comment

Leave a Reply

Your email address will not be published.


*