ഇ പി ജയരാജനെ യുഡിഎഫിലേക്ക് ക്ഷണിച്ച എം എം ഹസൻ്റെ നടപടി തമാശയായി കണ്ടാൽ മതി; വി ഡി സതീശൻ

ഇ പി ജയരാജനെ പരോക്ഷമായി യുഡിഎഫിലേക്ക് ക്ഷണിച്ച യുഡിഎഫ് കൺവീനർ എം എം ഹസന്റെ നടപടി തമാശയായി കണ്ടാൽ മതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവർ തമ്മിൽ സൗഹൃദം ഉള്ളതാണ്. അതിൻറെ പേരിൽ പറഞ്ഞതായിരിക്കും. മറ്റൊരു പാർട്ടിയിലെ മുതിർന്ന നേതാവാണ് ഇ പിയെന്നും സതീശൻ പറഞ്ഞു.

യുഡിഎഫിലേക്ക് ക്ഷണിക്കുമോയെന്ന ചോദ്യത്തിന് ഇടത് പക്ഷത്തു നിന്നും ഇ.പി അല്ല ഏത് പി പി വന്നാലും യുഡിഎഫ് ആലോചിക്കുമെന്നായിരുന്നു എം എം ഹസന്റെ പ്രതികരണം. ഇ പി തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമ്പോൾ ആലോചിക്കാമെന്നും അദ്ദേഹം  പറഞ്ഞു.

ഇ പി ജയരാജൻ മുറിവേറ്റ സിംഹമാണ്. പാർട്ടിക്കുള്ളിലെ അമർഷമാണ് പുസ്തകത്തിലൂടെ പുറത്തുവന്നതെന്നായിരുന്നു എം എം ഹസന്റെ മറുപടി. പാർട്ടി മനസിൽ ഏൽപ്പിച്ച പോറലുകൾക്ക് ഉള്ള മറുപടിയാണ് പുറത്തു വന്നത്. ഇന്ന് ഇ പി ജയരാജനെ ക്ഷണിച്ചുകൊണ്ട് പോയി പാലക്കാട് പ്രസംഗിക്കുന്നു. അതും ഒരു മാർക്കറ്റിംഗ് തന്ത്രമാണ്. അവിടെയും ചർച്ചയാകാൻ പോകുന്നത് ജീവചരിത്രത്തെ കുറിച്ചാണ്. സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ആധികാരിക അഭിപ്രായമായി പുറത്തുവന്നുവെന്നും എം എം ഹസൻ കൂട്ടിച്ചേർത്തു.

അതേസമയം, എൽഡിഎഫ് സ്ഥാനാർത്ഥി സരിനെയും ഭാര്യയെയും പാലക്കാട് മണ്ഡലത്തിൽ വ്യാജമായി വോട്ട് ചേർത്തെന്ന് സതീശൻ ആരോപിച്ചു. ഇരുവരും പാലക്കാട് താമസിക്കുന്നവരല്ല. സിപിഐഎം ജില്ലാ സെക്രട്ടറി ഇത് ആദ്യം തടയണം. വയനാട്ടിൽ ആശങ്കയില്ലെന്നും ചേലക്കരയിൽ 3000ത്തിലും 5000 ത്തിനും ഇടയിലുള്ള ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.

എന്നാൽ നിർണായകമായ ഉപതിരഞ്ഞെടുപ്പ് ദിവസം പാർട്ടിയെ ഒരിക്കൽ കൂടി വെട്ടിലാക്കിയായിരുന്നു ഇ പിയുടെ വെളിപ്പെടുത്തലുകൾ. വിവാദമായതോടെ തളളിപ്പറഞ്ഞെങ്കിലും സിപിഐഎമ്മിനെ രാഷ്ട്രീയമായും സംഘടനാപരവുമായും പ്രതിരോധത്തിൽ ആക്കുന്നതാണ് ഇ പി ജയരാജൻെറ ആത്മകഥ. രാഷ്ട്രീയം തന്നെയാണ് അതിൽ പ്രധാനം.കോൺഗ്രസിൽ വിമത ശബ്ദം ഉയർത്തിയ നേതാവിനെ ഒറ്റരാത്രി കൊണ്ട് മറുകണ്ടം ചാടിച്ച് സ്ഥാനാർത്ഥിയാക്കിയതിനെ ചോദ്യം ചെയ്യുന്നത് മറ്റാരുമല്ല. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ തന്നെ. 20ന് വോട്ടെടുപ്പ് നടക്കുന്ന പാലക്കാട്ട് ഇത് വൻ തോതിൽ പ്രചരണ വിഷയമാകുമെന്ന് ഉറപ്പാണ്.ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിനെ വീണ്ടും ന്യായീകരിക്കുന്നതാണ് ഇപിയുടെ ആത്മകഥ സിപിഎമ്മിനുണ്ടാക്കുന്ന മറ്റൊരു രാഷ്ട്രീയ പ്രതിസന്ധി. മുഖ്യമന്ത്രിയും ബിനോയ്വിശ്വവും പരസ്യമായ തിരുത്തിയ, 5 ബിജെപി സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന പ്രസ്താവനയേയും ആത്മകഥ ന്യായീകരിക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*