എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണം ; നിര്‍ദേശവുമായി ഹൈക്കോടതി

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന എം എം ലോറന്‍സിന്റെ മൃതദേഹം വരുന്ന വ്യാഴാഴ്ചവരെ മോര്‍ച്ചറയില്‍ തന്നെ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി. മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ തനിക്കു വിട്ടുനല്‍കാന്‍ എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്.

മറ്റൊരു മകള്‍ സുജാത ഹിയറിങില്‍ മൃതദേഹം വിട്ടു കൊടുക്കാനുള്ള സമ്മതം പിന്‍വലിച്ചുവെന്ന് ആശ ലോറന്‍സ് പറഞ്ഞു. മൃതദേഹം ഏറ്റെടുക്കാനുള്ള മെഡിക്കല്‍ കോളേജ് സമിതിയുടെ തീരുമാനം മുന്‍ വിധിയോടെയാണെന്നും ലോറന്‍സ് കൊടുത്തുവെന്ന് പറയുന്ന സമ്മതത്തിന്റെ ആധികാരികതയില്‍ സംശയമുണ്ടെന്നും ഇവര്‍ കോടതിയെ ധരിപ്പിച്ചു.

ഹിയറിങില്‍ അപാകതകളുണ്ടെന്ന് പറഞ്ഞ കോടതി മൃതദേഹം വീണ്ടും ഹര്‍ജി പരിഗണിക്കുന്ന വ്യാഴാഴ്ചവരെ മോര്‍ച്ചറിയില്‍തന്നെ സൂക്ഷിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ വീണ്ടും ഹിയറിങ് നടത്താനാകുമോയെന്ന് പരിശോധിക്കും. ഇത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനേക്കാള്‍ സീനിയറായ വ്യക്തിയെ ഉള്‍പ്പെടുത്തി ഹിയറിങ് നടത്തുന്ന കാര്യത്തിലാണ് നിലപാട് തേടിയിരിക്കുന്നത്.

ഹൈക്കോടതി നിർദേശിച്ച ഹിയറിങ് പ്രിൻസിപ്പൽ അട്ടിമറിച്ചെന്നും താൻ ഉന്നയിച്ച ലീഗൽ പ്രശ്നങ്ങൾ പരിഗണിച്ചില്ലെന്നും തനിക്ക് സ്വാഭാവിക നീതി പോലും നിഷേധിക്കപ്പെട്ടുവെന്നും ഹർജിയിൽ ആശ ആരോപിച്ചിരുന്നു. മൂത്ത മകന്റെയും പാർട്ടിയുടെയും സ്വാധീനത്തിന് വഴങ്ങിയാണ് മൃതദേഹം ഏറ്റെടുക്കാനുള്ള തീരുമാനമെന്നും ആരോപണമുണ്ടായിരുന്നു.

ലോറൻസ് ഇടവക അംഗമാണെന്നും പള്ളിയിൽ സംസ്കരിക്കണമെന്നുമായിരുന്നു മകളായ ആശ ലോറന്‍സിന്റെ ആവശ്യം. മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കുന്നതിനു കൈമാറണമെന്ന് എം എം ലോറൻസ് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു എന്ന് മൂത്തമകൻ അഡ്വ. എംഎൽ സജീവനും രണ്ടാമത്തെ മകൾ സുജാതയും പറഞ്ഞതിനെതുടർന്നാണ് ആശ കോടതിയെ സമീപിക്കുന്നത്. മരണത്തിനു പിന്നാലേ ആശ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബന്ധുക്കളോട് സംസാരിച്ച് അന്തിമതീരുമാനംഎറണാകുളം മെഡിക്കൽ കോളേജിന് എടുക്കാമെന്ന ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു.

തുടര്‍ന്ന് മൃതദേഹം മതാചാരപ്രകാരം സംസ്‍കരിക്കണമെന്ന മകൾ ആശയുടെ ആവശ്യം കമ്മിറ്റി തള്ളുകയും മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാന്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. തന്റെ മൃതദേഹം വൈദ്യപഠനത്തിനു നൽകണമെന്ന് ലോറൻസ് വാക്കാൽ നിർദേശം നൽകിയിരുന്നതിന് സാക്ഷികളായ രണ്ട് ബന്ധുക്കൾ കമ്മിറ്റി മുൻപാകെ ഹാജരായിരുന്നു. തുടര്‍ന്നാണ് ആശ വീണ്ടും കോടതിയെ സമീപിച്ചത്.

സെപ്റ്റംബർ 21ന് കൊച്ചിയിൽ വച്ചായിരുന്നു എം എം ലോറൻസിന്റെ അന്ത്യം. വാര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. സിപിഎം കേന്ദ്ര കമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ഇടതുമുന്നണി കണ്‍വീനര്‍, ദീര്‍ഘകാലം എറണാകുളം ജില്ലാ സെക്രട്ടറി, രണ്ടുതവണ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 25 വര്‍ഷത്തിലേറെ അഖിലേന്ത്യാ സെക്രട്ടറി തുടങ്ങി ദീര്‍ഘകാലം സിപിഎമ്മിന്റെ അനിഷേധ്യനായ നേതാവായിരുന്നു എം എം ലോറന്‍സ്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*