കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു തോമസിന് മാനസികാരോഗ്യ പ്രശ്നം ഉണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് എം എം മണി.സാബുവിന്റെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ചിരുന്നു, എന്തെങ്കിലും പ്രശ്നങ്ങൾ അയാളെ അലട്ടിയിരുന്നോ എന്ന് പരിശോധിക്കണമെന്നാണ് ഉദ്ദേശിച്ചത്. മാനസിക പ്രശ്നമുണ്ടോ എന്നതടക്കം നിയമത്തിന് മുന്നിൽ നോക്കേണ്ടതാണ്.അതിൽ എന്താണ് തെറ്റെന്ന് എം എം മണി ചോദിച്ചു.
സാബുവിന് എന്തെങ്കിലും മാനസികാസ്വാസ്ഥ്യം ഉണ്ടോ ഡോക്ടറെ കണ്ടിട്ടുണ്ടോ എന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ല. ബാങ്കിലെ പണം കിട്ടിയില്ല എന്നതുകൊണ്ട് ആത്മഹത്യ ചെയ്യേണ്ട ആവശ്യം അദ്ദേഹത്തിനില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. വി ആർ സജിക്ക് തെറ്റുപറ്റിയെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ പാർട്ടിക്ക് കൊടുക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സജി അനുഭവിച്ചോളും, എം എം മണി പറഞ്ഞു.
കട്ടപ്പനയില്‍ സംഘടിപ്പിച്ച നയവിശദീകരണ യോഗത്തില്‍ സംസാരിക്കവേ ആയിരുന്നു എം.എം മണിയുടെ അധിക്ഷേപ പരമാർശം. സാബുവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണം.സാബുവിന്റെ മരണത്തിൽ സൊസൈറ്റിയുടെ പ്രസിഡന്റ് സജിക്കോ ഒരു പങ്കുമില്ല. അതിനുവേണ്ടിയുള്ള ഒരു പ്രവര്‍ത്തിയും ഞങ്ങള്‍ ചെയ്തിട്ടില്ലെന്ന് പറയാൻ ആഗ്രഹിക്കുകയാണ്. വഴിയെ പോകുന്ന വയ്യാവേലി ഞങ്ങളുടെ ചുമലിൽ കെട്ടിവെച്ച് അതിന്റെ പാപഭാരം തലയിലാക്കാൻ ആരെങ്കിലും നോക്കിയാൽ അത് നടക്കില്ല.
അങ്ങനെയാന്നും വീഴുന്ന പ്രസ്ഥാനമല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി. മാനം ഇടിഞ്ഞുവീണാലും തടയാൻ നോക്കുന്നതാണ് ഞങ്ങളുടെ മനോഭാവം. മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും മാനസിക പ്രശ്നമുണ്ടോയെന്നും ചികിത്സിച്ചിരുന്നോയെന്നും ഡോക്ടറെ കാണിച്ചിരുന്നോയെന്നും പരിശോധിക്കേണ്ടതാണ്. എന്നാൽ, ഞങ്ങളുടെ തലയിൽ കെട്ടിവെക്കാൻ നിന്നാൽ ഏതു മാന്യനായാലും ഒന്നും ചെയ്യാനാകില്ലെന്നും അത്തരം വിരട്ടലൊന്നും വേണ്ടെന്നുമായിരുന്നു എംഎം മണി നയവിശദീകരണ യോഗത്തില്‍ പറഞ്ഞിരുന്നത്.
അതേസമയം, കട്ടപ്പന റൂറൽ ഡെവലപ്മെൻറ് സഹകരണ സൊസൈറ്റിയിലെ സാബുവിന്റെ നിക്ഷേപത്തുക പലിശയും ചേർത്ത് 1459940 രൂപ കുടുംബത്തിന് കൈമാറി. സൊസൈറ്റി ജീവനക്കാരായ മൂന്നുപേർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സാബുവിനെ ഭീഷണിപ്പെടുത്തിയ വി ആർ സജിക്ക് എതിരെ കേസെടുക്കുന്നതിലും പൊലീസിന്റെ മെല്ലെ പോക്ക് തുടരുകയാണ്. ഇതിനിടെ ഇന്ന് പുലർച്ചെ സാബുവിന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മരിച്ചു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു.
ഡിസംബര്‍ 20നാണ് കട്ടപ്പന മുളങ്ങാശേരില്‍ സാബു തോമസിനെ കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ മരിച്ചനിലയിൽ കണ്ടെത്തുന്നത്. ഭാര്യയുടെ ചികിത്സയ്ക്ക് പണം നല്‍കാത്ത ബാങ്ക് ജീവനക്കാരാണ് മരണത്തിന് പിന്നിലെന്ന സാബുവിന്റെ ആത്മഹത്യ കുറിപ്പും സ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു.
Be the first to comment