കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം; ഡി-ഡാഡ് സെന്ററുമായി കേരള പോലീസ്

തിരുവനന്തപുരം: കുട്ടികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടി വരുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ അഡിക്ഷനും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്റര്‍ ആരംഭിച്ച് കേരളാ പോലീസിന്റെ സോഷ്യല്‍ പോലീസിങ് ഡിവിഷന്‍. ഡി-ഡാഡ് സെന്ററെന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.

18 വയസ്സില്‍ താഴെയുള്ള കുട്ടികളെ സൗജന്യ കൗണ്‍സിലിങിലൂടെ ഡിജിറ്റല്‍ അഡിക്ഷനില്‍ നിന്നും മുക്തമാക്കുകയും സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തെ കുറിച്ച് മാതാപിതാക്കള്‍ക്കുള്‍പ്പെടെ ബോധവത്ക്കരണം നടത്തുകയുമാണ് ഡി-ഡാഡ് സെന്ററിലൂടെ ചെയ്യുന്നത്.

കൊച്ചി സിറ്റിയില്‍ മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ ഓഫീസ് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പ്രധാന സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നഗര പരിധിയില്‍ നിന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് ഒരു സബ് സെന്ററും ആഴ്ചയില്‍ രണ്ട് ദിവസം എന്ന ക്രമത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

രണ്ട് സെന്ററുകളിലും സൈക്കോളജിസ്റ്റിന്റെ സേവനം പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 05 മണി വരെ ലഭ്യമാണ്. കൊച്ചി സിറ്റി പൊലീസിന്റെ ഈ സേവനം ഉപയോഗപ്പെടുത്തുന്നതിനായി ഡി-ഡാഡ് സെന്ററിലെ ഫോണ്‍ നമ്പരില്‍ (9497975400) വിളിച്ച് അപ്പോയിന്‍മെന്റ് എടുക്കാം. 2023 ജനുവരിയില്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഇതുവരെ 144 കുട്ടികള്‍ക്ക് കൗണ്‍സിലിങ്് സേവനം നല്‍കുന്നതിനും, സമൂഹത്തിന്റെ വിവിധ മേഖലകളിലായി 42 ഓളം ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും സാധിച്ചിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*