ന്യൂഡൽഹി: കോൺഗ്രസിനെതിരെ വീണ്ടും വിവാദ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാകിസ്ഥാൻ്റെ അനുയായികളാണെന്ന് മോദി ആരോപിച്ചു. കോൺഗ്രസ് ദുർബലമാകുന്നതിൽ ദുഃഖം പാകിസ്ഥാനാണ്. കോൺഗ്രസിനായി പ്രാർഥിക്കുകയാണ് പാകിസ്ഥാൻ നേതാക്കൾ. വോട്ട് ജിഹാദിനായി മുസ്‍ളിങ്ങളോട് ആഹ്വാനം ചെയ്യുകയാണ് ഇൻഡ്യ മുന്നണി. കോൺഗ്രസിൻ്റെ ലക്ഷ്യങ്ങൾ അപകടകരമാണെന്നും ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി ആരോപിച്ചു .
കോൺഗ്രസിനെയും പാകിസ്ഥാനെയും ബന്ധിപ്പിച്ചുകൊണ്ട് ശക്തമായ വിമർശനമാണ് മോദി നടത്തിയത്. കോൺഗ്രസും പാകിസ്ഥാനും തമ്മിലുള്ള രഹസ്യ ബന്ധം പരസ്യമായി എന്ന് മോദി പറഞ്ഞു. കോൺഗ്രസ് ഭരണ കാലത്ത് ഭീകരവാദികൾക്കുൾപ്പടെ സ്ഥാനമുണ്ടായിരുന്നു. ബിജെപി സർക്കാർ നിലവിൽ വന്നതിന് ശേഷം ഭീകരവാദത്തെ പൂർണ്ണമായും തുടച്ചുനീക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും മോദി പറഞ്ഞു. നേരത്തെ പാകിസ്ഥാൻ മുൻ മന്ത്രിയായ ഫവാദ് ചൗധരി രാഹുൽ ഗാന്ധിയുമായി ബന്ധിപ്പിച്ച് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ആ വീഡിയോ ഉൾപ്പെടയുള്ള കാര്യങ്ങളും മോദി പരാമർശിച്ചു. കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിൻ്റെ മരുമകൾ മരിയ ആലമിൻ്റെ ‘വോട്ട് ജിഹാദ്’ ആഹ്വാനത്തിൻ്റെ പേരിലും മോദി കോൺഗ്രസ് പാർട്ടിയെ വിമർശിച്ചു.
മദ്രസയിൽ മാത്രം പഠിച്ച ആളല്ല, ഉന്നത വിദ്യാഭ്യാസം നേടിയ ആളല്ലേ ഇങ്ങനെ ചോദിച്ചതെന്നും മോദി ചൂണ്ടിക്കാണിച്ചു. ഒരു കോൺഗ്രസ് നേതാക്കളും ഇതിനെ അപലപിച്ചിട്ടില്ലെന്ന നിരാശയും അദ്ദേഹം പ്രകടിപ്പിച്ചു. പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളെ (ഒബിസി) സമുദായങ്ങളിൽ നിന്ന് ഒഴിവാക്കി മുസ്ലീങ്ങൾക്ക് സംവരണം നൽകുന്നതിനായി രാജ്യത്തിൻ്റെ ഭരണഘടന ഭേദഗതി ചെയ്യാനാണ് കോൺഗ്രസ് പാർട്ടി ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ബിജെപിയും അവരുടെ സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനോ മുസ്ലീങ്ങൾക്ക് പിൻവാതിൽ ക്വോട്ട നൽകാനോ ഭരണഘടനയിൽ മാറ്റം വരുത്തില്ലെന്നും കോൺഗ്രസിനെ വെല്ലുവിളിച്ചുകൊണ്ട് മോദി വ്യക്തമാക്കി.
ഇന്ന് ലോകത്ത് സമാധാനത്തിനായി നിലനിൽക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ പങ്ക് മോദി എടുത്തുപറഞ്ഞു. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാൻ പ്രയത്നിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കഴിഞ്ഞ 10 വർഷത്തിനിടെ തൻ്റെ സർക്കാർ 14 കോടി വീടുകൾക്ക് പൈപ്പ് വാട്ടർ കണക്ഷനുകൾ നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകൾക്ക് അവരുടെ 60 വർഷത്തെ ഭരണത്തിൽ 3 കോടി വീടുകൾക്ക് മാത്രമാണ് ഇത് നൽകാൻ കഴിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Be the first to comment