ഗാന്ധിയെക്കുറിച്ച് മാത്രമല്ല ഭരണഘടനയെക്കുറിച്ചും മോദിക്ക് അറിയില്ല ; മല്ലികാർജുൻ ഖർ​ഗെ

ഡല്‍ഹി: സിനിമയിൽ കൂടിയാണ് മഹാത്മാ ഗാന്ധിയെ അറിഞ്ഞത് എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ആശ്ചര്യമുണ്ടാക്കിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ. മഹാത്മാഗാന്ധിയെക്കുറിച്ച് അറിയാത്തയാൾക്ക് എങ്ങനെ ഭരണഘടനയെക്കുറിച്ച് അറിയും എന്ന് അദ്ദേഹം ചോദിച്ചു. ഗാന്ധിയുടെ പൈതൃകത്തെ ലോകം മുഴുവൻ അറിയും. ലോകത്തിന് ഗാന്ധിയെ അറിയാം. ഗാന്ധിയെ കുറിച്ച് അറിയില്ലെങ്കിൽ അത് പഠിക്കണം.

ജാതി മതം ഭാഷ എല്ലാം മറന്ന് ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വന്ന തിരഞ്ഞെടുപ്പാണിത്. ഗാന്ധിയെക്കുറിച്ച് മാത്രമല്ല ഭരണഘടനയെക്കുറിച്ചും മോദിക്ക് അറിയില്ല. ഇങ്ങനെയൊരാൾ പ്രധാനമന്ത്രി ആയിരിക്കുന്നത് അപമാനകരമാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയം ഉയർത്തിയാണ് പ്രചാരണം കൊണ്ടുപോയത്. ഈ വിഷയങ്ങൾ ഇന്ത്യ പാർട്ടികൾ ഏറ്റെടുത്തു. എന്നാൽ ഒരിക്കൽ പോലും തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വാക്കുകൾ മോദി പ്രചാരണത്തിന് ഉപയോഗിച്ചില്ല.

ജൂൺ നാലിന് ശേഷം മോദിക്ക് ഒഴിവുസമയം ലഭിക്കുമ്പോൾ മഹാത്മാ ഗാന്ധിയുടെ ആത്മകഥ വായിക്കണം. ജൂൺ നാലിന് ഇന്ത്യ സഖ്യം സർക്കാർ രൂപികരിക്കും. രാഷ്ട്രീയത്തിലെ ഭക്തി ഏകാധിപത്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. മോദി സ്വയം ദൈവമായി നടിക്കുകയാണ്. പാർട്ടി പ്രസിഡൻ്റും സ്ഥാനാർത്ഥികളും മോദിയെ ദൈവമായി ചിത്രീകരിക്കുന്നു. ഇത് ഏകാധിപത്യത്തിൻ്റെ വികലരൂപമാണെന്നും ഇന്ത്യ സഖ്യം പ്രധാനമന്ത്രിയെ തീരുമാനിക്കുക എല്ലാ ഘടകകക്ഷികളോടും ചർച്ച ചെയ്താണെന്നും ഖർ​ഗെ പറഞ്ഞു.

രാഷ്ട്രപിതാവ് ഗാന്ധിജിയെ കുറിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശം വലിയ വിവാദമായിരിക്കുകയാണ്. ‘ഗാന്ധി’ സിനിമ വരുന്നതുവരെ മഹാത്മ ഗാന്ധിയേക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു എന്നാണ് മോദി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ പറഞ്ഞത്.

Be the first to comment

Leave a Reply

Your email address will not be published.


*