25 ലക്ഷം പേരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി, ജനത്തിന്‍റെ പണം ജനത്തിനെന്നത് സര്‍ക്കാരിന്‍റെ നയമെന്നും നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്തെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഫലം കണ്ടുവെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് വര്‍ഷം കൊണ്ട് രാജ്യത്ത് കാല്‍ലക്ഷം പേരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയെന്നും മോദി പറഞ്ഞു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ ലോക്‌സഭയില്‍ നന്ദി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

25 വര്‍ഷത്തേക്കുള്ള ലക്ഷ്യ പ്രഖ്യാപനമാണ് രാഷ്‌ട്രപതി നടത്തിയത്. അഞ്ച് പതിറ്റാണ്ട് കൊണ്ട് നാം കേള്‍ക്കുന്ന കോണ്‍ഗ്രസിന്‍റെ ഗരിബീ ഹഠാവോ മുദ്രാവാക്യം എവിടെയെന്ന് പരിഹസിക്കാനും മോദി മറന്നില്ല. ചിലര്‍ ദരിദ്രരുടെ വീട്ടില്‍ പോയി ഫോട്ടോ സെഷന്‍ നടത്തുന്നു. ചിലര്‍ക്ക് വീട് മോടി പിടിക്കുന്നതിലാണ് ശ്രദ്ധയെന്ന് പരാമര്‍ശിച്ച് ഡല്‍പി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മോദി വിമര്‍ശിച്ചു.

ചിലര്‍ അധികാരം കിട്ടിയപ്പോള്‍ മണിമാളികകള്‍ പണിതു. വികസിത ഭാരതമെന്ന തന്‍റെ ലക്ഷ്യത്തിന് കരുത്തേകുന്നതാണ് രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം. സാധാരണക്കാരെ പ്രചോദിപ്പിക്കുന്നതുമാണിത്. പത്ത് വര്‍ഷത്തിനിടെ ഈ സര്‍ക്കാര്‍ നാല് കോടി വീടുകള്‍ സമ്മാനിച്ചു.

എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചു. ജനത്തിന്‍റെ പണം ജനത്തിന് എന്നതാണ് ഈ സര്‍ക്കാരിന്‍റെ നയം. തന്നെ വീണ്ടും തെരഞ്ഞെടുത്ത് രാജ്യത്തെ നയിക്കാനുള്ള ദൗത്യം ഏല്‍പ്പിച്ചതിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

കോണ്‍ഗ്രസ് വ്യാജ വാഗ്‌ദാനങ്ങള്‍ നല്‍കി. ഞങ്ങള്‍ അവ നടപ്പാക്കിയെന്നും മോദി പറഞ്ഞു. പത്ത് വര്‍ഷത്തിനിടെ തങ്ങള്‍ അഴിമതി കാട്ടിയെന്ന് ഒരു മാധ്യമങ്ങളും തങ്ങള്‍ക്കെതിരെ വാര്‍ത്ത നല്‍കിയിട്ടില്ലെന്നും മോദി അവകാശപ്പെട്ടു. സ്വച്ഛ് ഭാരത് മിഷനെയും മോദി പുകഴ്‌ത്തി. ഇതിനിടെ ബഹളമുണ്ടാക്കിയ കോണ്‍ഗ്രസിനോട് സ്‌പീക്കര്‍ ഓം ബിര്‍ള കയര്‍ത്തു. വലിയ നിരാശയുണ്ടാകും അവര്‍ക്കെന്നും എന്തെങ്കിലും പറഞ്ഞോട്ടെയെന്നും മോദി ഇതിനോട് പ്രതികരിച്ചു.

തങ്ങള്‍ രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയല്ല ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു. ആദായനികുതി ഇളവ് മധ്യവര്‍ഗത്തിന് സഹായകമായെന്നും മോദി അവകാശപ്പെട്ടു. ആദായനികുതി ഭാരത്തില്‍ നിന്ന് മധ്യവര്‍ഗത്തെ ഒഴിവാക്കി.

സര്‍ക്കാര്‍ പദ്ധതികളെ യൂണിസെഫ് പോലും അഭിനന്ദിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. സാങ്കേതിക വിദ്യയിലൂടെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെല്ലാം സുതാര്യമാക്കി. യുവാക്കള്‍ക്ക് വലിയ തൊഴിലവസരങ്ങള്‍ സൃഷ്‌ടിച്ചുവെന്നും മോദി അവകാശപ്പെട്ടു. അതേസമയം മോദി സര്‍ക്കാര്‍ അദാനിക്കും അംബാനിക്കും വേണ്ടിയെന്ന പരിഹാസമുയര്‍ത്തി കോണ്‍ഗ്രസ് രംഗത്ത് എത്തി.

Be the first to comment

Leave a Reply

Your email address will not be published.


*