മൂന്നാം ഘട്ടത്തിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് മോദിയുടെ കത്ത്; കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണം

ദില്ലി : കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് മൂന്നാം ഘട്ടത്തിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ സഖ്യത്തിൻ്റെ നിലപാട് തുറന്ന് കാണിക്കുന്ന പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണം. സംവരണം അട്ടിമറിക്കുന്നതടക്കം ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും മോദി കത്തിൽ ആവശ്യപ്പെട്ടു. അമിത് ഷാ, ശിവരാജ് സിംഗ് ചൗഹാനടക്കമുള്ള സ്ഥാനാർത്ഥികൾക്കാണ് പ്രധാനമന്ത്രി കത്തയച്ചിരിക്കുന്നത്. ഒന്നും രണ്ടും ഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ ഇന്ത്യാ സഖ്യത്തിനെതിരെ പ്രചാരണം കൂടുതൽ ശക്തമാക്കുകയാണ് ബിജെപിയും നരേന്ദ്രമോദിയും.

ഇന്ത്യാ സഖ്യത്തിനെതിരെയും കോൺഗ്രസിനെതിരെയും ആഞ്ഞടിച്ച മോദി, നേതാവ് ആരാകണമെന്നതിൽ ഇന്ത്യാ സഖ്യത്തിനകത്ത് തർക്കമാണെന്നും അധികാരം പിടിക്കാൻ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ഇന്ത്യ സഖ്യമെന്നും വിമർശിക്കുന്നു. അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രി എന്നതാണ് ഇന്ത്യ സഖ്യത്തിൻ്റെ ഫോർമുലയെന്ന് മോദി മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പരിഹസിച്ചു. മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനെ കടന്നാക്രമിച്ചാണ് നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കാവി ഭീകരത എന്ന പേരു പറഞ്ഞു കോൺഗ്രസ് ഹിന്ദുക്കളെ വേട്ടയാടിയെന്നും രാജ്യത്ത് തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഡാലോചന നടത്തിയെന്നും പൂനെയിലെ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ മോദി ആരോപിച്ചു. കേരളത്തിൽ കോൺഗ്രസ് വോട്ടിന് വേണ്ടി ഭീകരവാദികളായ പോപ്പുലർ ഫ്രണ്ടിൻ്റെ സഹായം തേടി, ഇത്തരം ആളുകളുമായി കൂട്ടുകൂടുന്നവർക്ക് രാജ്യത്തെ സുരക്ഷിതമാക്കാൻ കഴിയുമോയെന്നും മോദി വിമർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*