ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് ജർമ്മനിയിലേക്ക്, 28 ന് യുഎഇ സന്ദർശനം

ദില്ലി : ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജർമ്മനിയിലേക്ക് തിരിക്കും. നാളെയാണ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുക. തിങ്കളാഴ്ച്ച വരെയാണ് ഉച്ചകോടിയുടെ ഭാഗമായി മോദിയുടെ ജർമ്മനി സന്ദർശനം. പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ പ്രധാനമന്ത്രി സംസാരിക്കും. ഉച്ചകോടിക്കിടെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി മോദി സംസാരിക്കും. യൂറോപ്പിലെ ഇന്ത്യക്കാരെയും അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ജർമ്മനിയിൽ നിന്നും പ്രധാനമന്ത്രി ജൂൺ 28 ന് യുഎഇയിലെത്തും. യുഎഇ മുൻ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സയിദ് അൽ നഹ്യാന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്താനും പുതിയ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കാനുമാണ് യുഎഇ യാത്ര. നുപുർ ശർമ്മയുടെ നബി വിരുദ്ധ പ്രസ്താവനക്കെതിരെ യുഎഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യുഎഇയിലേക്ക് എത്തുന്നതെന്നത്  ശ്രദ്ധേയമാണ്. 

Be the first to comment

Leave a Reply

Your email address will not be published.


*