പതിവ് തെറ്റിക്കാതെ മോദി, അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം

അഹമ്മദാബാദ്: ഗുജറാത്തിലെ ഇന്ത്യ-പാക് അതിര്‍ത്തിയായ കച്ചില്‍ സൈനികരോടൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ആഘോഷിച്ചത്. സര്‍ ക്രീക്കിലെ ലക്കി നലയിലായിരുന്നു ആഘോഷം. അതിര്‍ത്തി സുരക്ഷാസേനയുടെ യൂണിഫോം ധരിച്ചെത്തിയ പ്രധാനമന്ത്രി, സൈനികര്‍ക്ക് മധുരം നല്‍കുകയും ചെയ്തു.

മോദിക്കൊപ്പം ദീപാവലി ആഘോഷത്തില്‍ അതിര്‍ത്തു രക്ഷാസേന (ബിഎസ്എഫ്), കരസേന, നാവികസേന, വ്യോമസേന ജവാന്മാരും സംബന്ധിച്ചു. ഏക്താ നഗറില്‍ നിന്ന് കച്ചിലെ കോട്ടേശ്വറില്‍ ഇറങ്ങിയ ശേഷമാണ് മോദി സര്‍ക്രീക്ക് ഏരിയയിലെ ലക്കി നലയില്‍ എത്തിയതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആഘോഷം നടന്ന ലക്കി നല പട്രോളിങ്ങിന് വെല്ലുവിളി നിറഞ്ഞ ചതുപ്പ് പ്രദേശമുള്ള അതിര്‍ത്തിയുടെ ആരംഭ പോയിന്റാണ്. പാക്കിസ്ഥാനില്‍ നിന്നുള്ള മയക്കുമരുന്ന് കടത്തുകാരും ഭീകരരും പലപ്പോഴും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന ഈ മേഖല ബിഎസ്എഫിന്റെ നിരീക്ഷണത്തിലാണുള്ളത്.

വെല്ലുവിളികളും ബുദ്ധിമുട്ടുകളും നിറഞ്ഞ സാഹചര്യത്തിലും ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷിതവും ഭദ്രവുമാണെന്ന് ഉറപ്പാക്കുന്നതിന് സൈനികര്‍ പുലര്‍ത്തുന്ന ജാഗ്രതയെ പ്രധാനമന്ത്രി പ്രശംസിച്ചു. നേരിടുന്ന വെല്ലുവിളികള്‍, ജോലികള്‍ എളുപ്പമാക്കുന്നതിന് എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളും മോദി ആരാഞ്ഞു. സൈനികരോടൊപ്പം ഏറെനേരം ചെലവഴിച്ചശേഷമാണ് മോദി മടങ്ങിയത്.

2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതു മുതല്‍, നരേന്ദ്രമോദി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സൈനികര്‍ക്കൊപ്പമാണ് ദീപാവലി ആഘോഷിക്കാറുള്ളത്. ആ വര്‍ഷം സിയാച്ചിനില്‍ സൈനികര്‍ക്കൊപ്പമായിരുന്നു ആഘോഷം. തുടര്‍ന്ന് പഞ്ചാബിന്റെ അതിര്‍ത്തി, ഹിമാചല്‍ പ്രദേശിലെ സംദോ, ജമ്മു കശ്മീരിലെ ഗുരെസ് സെക്ടര്‍, ഉത്തരാഖണ്ഡിലെ ഹര്‍സില്‍, ജമ്മു കശ്മീരിലെ രജൗരി, രാജസ്ഥാനിലെ ലോംഗേവാല, കശ്മീരിലെ നൗഷേര, കാര്‍ഗില്‍, കഴിഞ്ഞ വര്‍ഷം ഹിമാചലിലെ ലെപ്ച എന്നിവിടങ്ങളിലായിരുന്നു മോദിയുടെ ദീപാവലി ആഘോഷങ്ങള്‍.

Be the first to comment

Leave a Reply

Your email address will not be published.


*