കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് വാക്‌സിൻ സർട്ടിഫിക്കറ്റുകളിൽ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്തത്. കോവിഷീല്‍ഡ് വാക്‌സിന്‍ രക്തം കട്ടപിടിക്കുന്നതുൾപ്പെടെയുള്ള അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകാമെന്ന് നിര്‍മാതാക്കള്‍ തന്നെ സമ്മതിച്ചത് വലിയ വാര്‍ത്തയായിരുന്നു. 

ഇതിനു പിന്നാലെയാണ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദി അപ്രത്യക്ഷമായത്.’ഒന്നിച്ചു ചേര്‍ന്ന് ഇന്ത്യ കൊവിഡ് 19-നെ തോല്‍പ്പിക്കും’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കും അദ്ദേഹത്തിൻ്റെ ചിത്രത്തിനുമൊപ്പമാണ് മുന്‍പ് വാക്‌സിൻ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്. ഇപ്പോൾ ഈ വരികൾക്ക് താഴെ പ്രധാനമന്ത്രി എന്ന് മാത്രമാണ് കാണാനാവുക. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ പെരുമാറ്റച്ചട്ടത്തിൻ്റെ ഭാഗമായാണ് മോദിയുടെ ചിത്രം ഒഴിവാക്കിയത് എന്നാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ പ്രതികരണം.

കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്യുന്നത് ഇതാദ്യമല്ല. 2022-ൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നൽകിയ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും മോദിയുടെ ചിത്രം നീക്കം ചെയ്തിരുന്നു. സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ നടപടി നിർബന്ധമാക്കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*