മുഹമ്മദ് ഷമി വീണ്ടും കളിക്കളത്തിലേക്ക്; രഞ്ജിട്രോഫിക്കുള്ള ബംഗാള്‍ ടീമില്‍

കൊല്‍ക്കത്ത: പരിക്കിനെത്തുടര്‍ന്ന് ദീര്‍ഘകാലമായി വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ താരം മുഹമ്മദ് ഷമി വീണ്ടും മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ആഭ്യന്തര ടൂര്‍ണമെന്റായ രഞ്ജിട്രോഫിയില്‍ പശ്ചിമ ബംഗാള്‍ ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തി. നാളെ ഇന്‍ഡോറില്‍ മധ്യപ്രദേശിനെതിരെ ആരംഭിക്കുന്ന മത്സരത്തിനുള്ള ടീമിലാണ് ഷമിയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഷമി അവസാനമായി കളിച്ചത്. ഈ മാസം 22 ന് പെര്‍ത്തില്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കായുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ, ഷമിയുടെ ഫിറ്റ്‌നസ് ഇന്ത്യന്‍ ടീം ഉറ്റുനോക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തിയിട്ടില്ല.

കണങ്കാലിന് പരിക്കേറ്റ ഷമി ഈ വര്‍ഷം മാര്‍ച്ചില്‍ വലതുകാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടര്‍ന്ന് ബംഗലൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ വിദഗ്ധ ചികിത്സയും പരിശീലനവുമായി കഴിയുകയായിരുന്നു. ബംഗാളിനായി ഒന്നോ രണ്ടോ രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ചതിന് ശേഷം ഓസ്ട്രേലിയയിലേക്ക് വിമാനം കയറാന്‍ ആഗ്രഹിക്കുന്നുവെന്ന് ഷമി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഷമി പൂര്‍ണമായി ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.

Be the first to comment

Leave a Reply

Your email address will not be published.


*