‘ഹിന്ദുജീവിത രീതിയാണ് പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരം’: ഡോ. മോഹൻ ഭാഗവത്

എറണാകുളം : യശസ്വിയും ജയസ്വിയുമായ ഏകാത്മകതയുടെ സത്യമാണ് ഭാരതത്തിന്‍റെ കരുത്തെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പറഞ്ഞു. ലോകത്തിന് പരമമായ ശാന്തി നൽകുന്ന ഹിന്ദുജീവിത രീതിയാണ് പ്രശ്‌നങ്ങളുടെ പരിഹാരമെന്ന് മോഹൻ ഭാഗവത് വ്യക്തമാക്കി. വടയമ്പാടിയിൽ നടന്ന ആർ‌എസ്‌എസ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്പൂർണ ഹിന്ദുസമാജത്തെ സംഘടിപ്പിച്ച്, ധർമ്മസംരക്ഷണത്തിലൂടെ ലോകത്തിന് സഫലവും സുഫലവുമായ പരിഹാരം നൽകുകയാണ് സംഘം ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘അവതാരങ്ങൾ വന്നതുകൊണ്ട് മാത്രം കാര്യങ്ങൾ നടക്കില്ല. സ്വയം രക്ഷപ്പെടാൻ കഴിയാത്തവരെ ദൈവത്തിന് പേലും രക്ഷപ്പെടുത്താൻ കഴിയില്ല എന്ന് പറയാറുണ്ട്. നമ്മൾ ഭാരതത്തിന്‍റെ പുത്രന്മാരാണ്. ദശലക്ഷക്കണക്കിന് മക്കളുണ്ടായിട്ടും അമ്മ അബലയാകുന്നെങ്കിൽ പിന്നെ നമ്മുടെ കടമയെന്താണ്?’ എന്ന് അദ്ദേഹം ചോദിച്ചു. ഈ കടമ നിർവഹിക്കാൻ ശക്തി വേണം, ശക്തി ഫലവത്താകാൻ ശീലവും ജ്ഞാനവും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഉറച്ച വീരവ്രതവും ഏത് പരിതസ്ഥിതിയിലും ഇളകാത്ത ലക്ഷ്യബോധവും വേണം. ഇത്തരം മനുഷ്യ നിർമാണം മാത്രമാണ് ആർ‌എസ്‌എസിന്‍റെ പ്രധാന ദൗത്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘ലോകത്തിലെ എല്ലാ പ്രത്യയശാസ്‌ത്രങ്ങളും സുഖമാണ് വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ വിജ്ഞാനം സൗകര്യങ്ങൾ വർധിപ്പിച്ചു. പക്ഷേ സന്തോഷം ലഭിച്ചില്ല, യഥാർഥ സന്തോഷം ഇപ്പോഴും അവ്യക്തമാണ്’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള നാടാണ് ഇന്ത്യ. കർഷകരും ഉപഭോക്താക്കളും തൊഴിലാളികളും ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും പാർട്ടികളുമൊക്കെ സമരം ചെയ്യുന്നുണ്ട്. യുദ്ധവും പരിസ്ഥിതി നാശവും നടക്കുന്നു. പ്രശ്‌നങ്ങൾ നിരവധിയാണ്. ഇതിനെല്ലാമുള്ള പരിഹാരം ഭാരതത്തിലുണ്ടെന്ന് മോഹൻ ഭാഗവത് പറഞ്ഞു.

ലോകത്തിന്‍റെ നന്മയ്ക്കായി ഇന്ത്യ ശക്തമായ ഒരു രാഷ്‌ട്രമായി ഉയർന്നുവരികയാണെന്നും വൈവിധ്യത്തെ ഉൾക്കൊള്ളുന്ന അതുല്യമായ സാംസ്‌കാരിക ഐക്യമാണ് അതിന്‍റെ സവിശേഷതയെന്നും അദ്ദേഹം വ്യക്തമാക്കി. ‘കാശിയിൽ നിന്ന് ഗംഗാജലം കൊണ്ടുപോയി രാമേശ്വരത്ത് സമർപ്പിക്കുന്ന നാടാണിത്. കാലടിയിൽ ജനിച്ച ആദിശങ്കരൻ രാജ്യത്തിന്‍റെ നാല് കോണുകളിലും ആശ്രമങ്ങൾ സ്ഥാപിച്ച് കൊണ്ട് ഈ ഐക്യം ശക്തിപ്പെടുത്തി,’ എന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

ആർ‌എസ്‌എസ് ദക്ഷിണ ക്ഷേത്ര സംഘചാലക് ആർ വന്നിയരാജൻ, ദക്ഷിണ കേരള പ്രാന്ത സംഘചാലക് എംഎസ് രമേശൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജനുവരി 21 വരെ ചില സംഘടന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനായി മോഹൻ ഭാഗവത് കേരളത്തിലുണ്ടാകും. തിങ്കളാഴ്‌ച അമേഡയിൽ നടക്കുന്ന സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം ചൊവ്വാഴ്‌ച രാവിലെ അദ്ദേഹം തിരിച്ച് പോകും. അതേസമയം അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമഠ പരിഷത്തിലും മറ്റ് പൊതു പരിപാടികളിലും പങ്കെടുക്കാൻ ആർ‌എസ്‌എസ് മേധാവി ഫെബ്രുവരിയിൽ രണ്ട് ദിവസത്തേക്ക് വീണ്ടും കേരളത്തിലെത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*