ഹേമക്കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്നും സിനിമ മേഖലയില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമെന്നും മോഹന്‍ലാല്‍

ഹേമക്കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്നും സിനിമ മേഖലയില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമെന്നും മോഹന്‍ലാല്‍. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിന് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മോഹൻലാൽ മാധ്യമങ്ങളെ കണ്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ആദ്യമായാണ് മോഹൻലാൽ പ്രതികരിക്കുന്നത്.

ഹേമക്കമ്മിറ്റിയില്‍ പറയുന്ന കാര്യങ്ങള്‍ സിനിമ മേഖലയിലെ എല്ലാ വിഭാഗങ്ങളേയും ബാധിക്കുന്നതാണ്. അതിനാല്‍, ഉത്തരം പറയേണ്ടത് സിനിമ മേഖല ഒന്നടങ്കമാണ്. സമൂഹത്തിന്റെ ചെറിയ ഭാഗമാണ് സിനിമയും  അതിനാല്‍, മറ്റിടത്തുള്ളത് സിനിമയിലും സംഭവിക്കുമെന്നും മോഹന്‍ലാല്‍.  ഹേമ കമ്മീഷ് മുന്‍പാകെ രണ്ട് തവണ മൊഴി നല്‍കിയിരുന്നു. തനിക്ക് അറിയാവുന്ന കാര്യം അവിടെ പറഞ്ഞിരുന്നതായി മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അമ്മ എന്നത് ഒരു ട്രേഡ് യൂണിയന്‍ സംഘടനയല്ല. അഭിനേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ അവര്‍ക്കൊപ്പം താങ്ങായി നില്‍ക്കാനാണ് സംഘടന ഉണ്ടാക്കിയത്. എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നതാണ് കണ്ടത്. ഇത് സംബന്ധിച്ച് കൂടുതല്‍ ശരങ്ങള്‍ വന്നത് എന്നിലേക്കും സംഘടനാ ഭാരവാഹികളിലേക്കുമാണ്. മുതിര്‍ന്ന താരങ്ങളുമായി ആലോചിച്ചാണ് രാജിക്കാര്യം തീരുമാനിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

കേരളാ ക്രിക്കറ്റിന്റെ ലോഞ്ചിങ്ങ് ചടങ്ങിനെത്തിയപ്പോഴായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. വല്ലാത്ത ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്. എനിക്ക് ആധികാരികമായി പറയാൻ അറിയുന്ന ആളല്ല. എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നതായി കാണുന്നു. എല്ലാത്തിനും അമ്മയല്ല ഉത്തരം നൽകേണ്ടത്. അഭിഭാഷകരും സിനിമയിലെ തലമുതിർന്ന ആളുകളുമായി സംസാരിച്ചതിന് ശേഷമാണ് പ്രസിഡന്റ് പദവിയിൽ നിന്ന് പിന്മാറിയത്.

തങ്ങള്‍ എന്താണ് ചെയ്യേണ്ടത്. ഇത് ഒരു വലിയ വ്യവസായം തകര്‍ന്നുപോകുന്ന കാര്യമാണ്. പതിനായിരക്കണക്കിനാളുകള്‍ ജോലി ചെയ്യുന്നതാണ്. തന്റെ സിനിമാ ജീവിതം തുടങ്ങുന്നത് മദ്രാസില്‍ വച്ചാണ്. അന്നൊന്നും ഒരുതരത്തിലുമുളള സൗകര്യവുമില്ല. വളരെയധികം കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇന്‍ഡസ്ട്രിയാണ്. കുറ്റം ചെയ്‌തെന്ന് പറയുന്നവര്‍ക്ക് പിന്നാലെ പോലീസുണ്ട്. അതില്‍ ആധികാരികമായി ഉത്തരം പറയേണ്ടത് താനല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടന്മാർക്കെതിരെ നിരവധി പീഡനാരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ‘അമ്മ’ പ്രസിഡന്റ് സ്ഥാനം മോഹൻലാൽ ഒഴിഞ്ഞിരുന്നു. അതിന് ശേഷം ആദ്യമായാണ് മോഹൻലാൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*