ഇനി മോഹൻലാലിൻ്റെ ഒറ്റയാൾ പോരാട്ടം: ‘എലോൺ’ തിയേറ്ററുകളിൽ

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് എലോൺ. കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലെ പ്രദര്‍ശനം ലക്ഷ്യമാക്കി എടുത്ത ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ.  

രാജേഷ് ജയരാമന്റേതാണ് തിരക്കഥ. ജേക്സ് ബിജോയ് സംഗീതവും അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും നിർവഹിക്കുന്നു. ഡോൺമാക്സ് ആണ് എഡിറ്റിങ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ഐക്യരാഷ്ട്ര സംഘടനയുടെ ഡിപ്പാർട്‌മെന്റ് ഓഫ് യൂണിവേഴ്‌സൽ ഡിക്ലറേഷൻ ഹ്യൂമൻ റൈറ്റ്‌സിലെ ഉദ്യോഗസ്ഥനായ കാളിദാസൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. തന്‍റെ ഭാവി വധു വാങ്ങിത്തന്ന കൊച്ചിയിലെ ഒരു ആഡംബര ഫ്ലാറ്റിലേക്ക് കൊവിഡ് കാലത്ത് താമസത്തിന് എത്തുകയാണ് കാളിദാസന്‍. അപരന്‍റെ സാന്നിധ്യം അസ്വീകാര്യമായ ഒരു സമയത്ത് പുതുതായി എത്തിയ സ്ഥലത്തെ ഏകാന്ത വാസവുമായി എങ്ങനെയെങ്കിലും പൊരുത്തപ്പെടാനുള്ള ശ്രമങ്ങളിലാണ് അയാള്‍. എന്നാല്‍ സമയം കടന്നുപോകെ അവിടെ മറ്റെന്തോ ചില സാന്നിധ്യങ്ങളും ഉണ്ടെന്ന് അമ്പരപ്പോടെയും ഭീതിയോടെയും തിരിച്ചറിയുകയാണ് അയാള്‍. കേള്‍ക്കുന്ന അശരീരികളില്‍ നിന്ന് ഒരു സംഭാവ്യ കഥ മെനഞ്ഞെടുക്കുന്ന കാളിദാസന്‍റെ ഭയം ജിജ്ഞാസയ്ക്ക് വഴി മാറുന്നു. യുക്തിക്ക് അതീതമായ ചില സാന്നിധ്യങ്ങളിലൂടെ തന്നിലേക്ക് എത്തിച്ചേരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയുള്ള സഞ്ചാരം ആരംഭിക്കുകയാണ് അയാള്‍.

പേര് സൂചിപ്പിക്കുന്നതുപോലെ ഒരേയൊരു അഭിനേതാവ് മാത്രമാണ് എലോണില്‍ ഓണ്‍-സ്ക്രീന്‍ ആയി എത്തുന്നത്. എന്നാല്‍ ശബ്ദ സാന്നിധ്യങ്ങളും മറ്റ് പ്രധാന കഥാപാത്രങ്ങളുമായി മഞ്ജു വാര്യര്‍, പൃഥ്വിരാജ്, നന്ദു, സിദ്ദിഖ്, സുരേഷ് കൃഷ്ണ എന്നിങ്ങനെ ശബ്ദത്താല്‍ മലയാളികള്‍ പെട്ടെന്നു തിരിച്ചറിയുന്ന താരങ്ങള്‍ ഉണ്ട്. 2 മണിക്കൂര്‍ 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലെ ഏതാണ്ട് മുഴുവന്‍ സ‌മയവും ക്യാമറ തിരിയുന്നത് ഒരു ഫ്ലാറ്റ് സമുച്ചയത്തിലാണ്. 

നരസിംഹം, ആറാം തമ്പുരാൻ എന്നിവയുൾപ്പെടെ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വാണിജ്യ ഹിറ്റുകളുടെ പിന്നിൽ മോഹൻലാൽ-ഷാജി കൈലാസ് ജോഡിയായിരുന്നു എന്നതിനാൽ മറ്റൊരു ഹിറ്റാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*