മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം ബാറോസ് 2024 ഡിസംബർ 25ന് തീയറ്ററുകളിൽ. തീയതി വെളിപ്പെടുത്തിക്കൊണ്ട് സംവിധായകൻ ഫാസിൽ ചിത്രത്തിന് ആശംസകൾ നേരുന്ന വീഡിയോ മോഹൻലാൽ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചു. മോഹൻലാലിന്റെ കരിയറിൽ വഴിത്തിരിവായ, മലയാളത്തിന്റെ സൂപ്പർസ്റ്റാറാക്കി മാറ്റിയ ആദ്യ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കളും ജനപ്രിയ ചിത്രം മണിച്ചിത്രത്താഴും റിലീസായ അതേ തീയതി തന്നെ ബാറോസിന്റെ റിലീസ് തീയതിയായി വന്നുചേർന്നു എന്നത് തികച്ചും ആകസ്മികമാണെന്നും ഫാസിൽ പറയുന്നു. ഒക്ടോബർ 3ന് റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ തീയതി മാറ്റുകയായിരുന്നു.
സംവിധായകൻ ഫാസിലിന്റെ വാക്കുകൾ
മലയാള സിനിമയുടെ ഗതി തന്നെ മാറ്റിയ സൂപ്പർ ഹിറ്റ് സിനിമയെന്ന് പറയപ്പെട്ട മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമ റിലീസായത് 1980 ഡിസംബർ 25നായിരുന്നു. മോഹൻലാൽ എന്ന പത്തൊമ്പത് വയസുകാരനെ ഇന്നറിയുന്ന മോഹൻലാലാക്കി മാറ്റിയത് ആ ചിത്രമായിരുന്നു. വർഷങ്ങൾക്ക് ശേഷം അതിനേക്കാൾ ജനപിന്തുണ നേടിയ മറ്റൊരു മോഹൻലാൽ ചിത്രമായ മണിച്ചിത്രത്താഴും ഇറങ്ങിയത് 1993 ഡിസംബർ 25നാണ്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം വരുന്നതും ഇതേ തീയതിയിലാണ്. 2024 ഡിസംബർ 25. നാലര പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിരക്കിനിടയിൽ നിന്ന് പഠിച്ചെടുത്ത അനുഭവങ്ങൾ കൊണ്ട് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ മോഹൻലാലിന്റെ തന്നെ കരിയറിലെ വളരെ പ്രധാനപ്പെട്ട ഒരു തീയതിയിൽ റിലീസാകുന്ന എന്നത് തികച്ചും ആകസ്മികവും അത്ഭുതകരവുമാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കളെക്കാൾ മണിച്ചിത്രത്താഴിനേക്കാൾ വളരെ ഉയരത്തിൽ നിൽക്കുന്ന അതുല്യ കലാസൃഷ്ടി ആയിരിക്കും ബാറോസ് എന്ന് ഞാൻ കരുതുന്നു. ആഗോള ഇതിഹാസ സിനിമയായി ബോറോസ് മാറട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ത്രീ ഡിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബാറോസ് എന്ന ഭൂതത്തിന്‍റെ കഥയാണ് സിനിമയുടെ പ്രമേയം. മൈ ഡിയർ കുട്ടിച്ചാത്തന്‍റെ സംവിധായകൻ ജിജോ പുന്നൂസാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ബാറോസ്: ഗാർഡിയൻ ഒഫ് ദി ഗാമാസ് ട്രഷർ എന്ന രചനയാണ് സിനിമയ്ക്ക് ആധാരം. പാസ് വേഗ, റാഫേൽ അമാർഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഹോളിവുഡ് സംവിധായകൻ മാർക്ക് കിലിയനാണ് സംഗീതം ഒരുക്കുന്നത്. ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Be the first to comment