കള്ളപ്പണം വെളുപ്പിക്കൽ കേസ് ; ജാക്വലിൻ ഫെർണാണ്ടസിന് ഇഡി വീണ്ടും സമൻസ് അയച്ചു

മുംബൈ : കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ്​ നടി ജാക്വലിൻ ഫെർണാണ്ടസിന് ഇഡി സമൻസ് അയച്ചു. സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ജാക്വലിൻ ഫെർണാണ്ടസിനെ ഇന്ന് ചോദ്യം ചെയ്യുന്നത്. മുൻ ഫോർട്ടിസ് ഹെൽത്ത് കെയർ പ്രൊമോട്ടർ ശിവിന്ദർ മോഹൻ സിങ്ങിൻ്റെ ഭാര്യ അദിതി സിംഗ് ഉൾപ്പെടെയുള്ള ഉന്നത വ്യക്തികളെ വഞ്ചിച്ച് ഏകദേശം 200 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

സുകേഷ് ചന്ദ്രശേഖർ ജാക്വലിനായി ഈ പണം ഉപയോ​ഗിച്ചിട്ടുണ്ട് എന്നാണ് ഇഡിയുടെ വാദം. 2022 ൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഈ കാര്യം പറയുന്നത്. ഇതേ കേസുമായി ബന്ധപ്പെട്ട് ജാക്വലിൻ ഫെർണാണ്ടസിനെ അഞ്ച് തവണ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. സുകേഷ് ചന്ദ്രശേഖറുമായുളള ബന്ധം ജാക്വലിൻ ഫെർണാണ്ടസ് പലത്തവണ നിഷേധിച്ചിരുന്നു. 52 ലക്ഷം രൂപ വിലയുള്ള ഒരു കുതിര, ഒമ്പത് ലക്ഷം രൂപ വിലവരുന്ന മൂന്ന് പേർഷ്യൻ പൂച്ചകൾ, ഡിസൈനർ വസ്ത്രങ്ങൾ, ​ആഭരണങ്ങൾ ഡിസൈനർ ബാഗുകൾ, മിനി കൂപ്പർ എന്നിവ സുകേഷ് ചന്ദ്രശേഖർ ജാക്വലിൻ ഫെർണാണ്ടസിന് നൽകി എന്നാണ് ഇഡിയുടെ കണ്ടെത്തൽ.

ഫെർണാണ്ടസിൻ്റെ സഹോദരിക്ക് ചന്ദ്രശേഖർ 1,73,000 യുഎസ് ഡോളർ വായ്പ നൽകിയതായും സഹോദരന് ബിഎംഡബ്ല്യു കാറും റോളക്സ് വാച്ചും 15 ലക്ഷം രൂപ വായ്പയും നൽകിയതായും ഇഡി പറയുന്നു. 2022 ഓഗസ്റ്റ് 7ന് ചന്ദ്രശേഖർ അറസ്റ്റിലാകുന്നതുവരെ ഇരുവരും സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രശേഖർ നിലവിൽ തിഹാർ ജയിലിലാണ്. ഫെർണാണ്ടസിനെ കൂടാതെ താരപുത്രിയായ നോറ ഫത്തേഹിയുമായും സുകേഷ് ചന്ദ്രശേഖറിന് ബന്ധമുളളതായും റിപ്പോർട്ടുകളുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*