നാലു സ്വകാര്യ ബാങ്കുകളിലെ 20 അക്കൗണ്ടുകളില്‍ 1630 കോടി; ഹൈറിച്ച് ഉടമകളുടെ 203 കോടി മരവിപ്പിച്ചു

തൃശൂർ: മണിചെയിൻ തട്ടിപ്പു കേസിൽ, ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചു. ‘ഹൈറിച്ച്’ തട്ടിപ്പിൽ ഇഡിയും അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടപടി. കമ്പനി സമാഹരിച്ച പണത്തിൽ 482 കോടി രൂപ മാത്രം ശേഖരിച്ചത് ക്രിപ്റ്റോ കറൻസി വഴിയാണെന്നും ഇഡി പറയുന്നു.

നിക്ഷേപകരിൽ നിന്നും പിരിച്ചെടുത്ത 1630 കോടി രൂപ പോയത് നാലു ബാങ്കുകളിലെ 20 അക്കൗണ്ടുകളിലേക്കാണെന്ന് കണ്ടെത്തി. ഹൈറിച്ച് കമ്പനിയുടെ പേരിലും മുഖ്യപ്രതികളായ മാനേജിങ് ഡയറക്ടർ കെ ഡി പ്രതാപൻ, ഭാര്യയും സിഇഒയുമായ ശ്രീന എന്നിവരുടെ പേരിലുമാണ് അക്കൗണ്ടുകൾ തുറന്നത്.
സ്വകാര്യ ബാങ്കുകളിലായിരുന്നു അക്കൗണ്ടുകൾ തുറന്നത്. പലചരക്ക് സാധനങ്ങൾ നേരിട്ട് വീടുകളിലെത്തിക്കുന്ന ശൃംഖലയെന്ന പേരിൽ ആരംഭിച്ച കമ്പനി നിയമവിരുദ്ധമായി നിക്ഷേപങ്ങൾ സ്വീകരിച്ചാണ് മണിചെയിൻ ഇടപാടു നടത്തിയത്. നേരത്തെ 126 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പിലും കമ്പനി കുടുങ്ങിയിരുന്നു.

ഇഡി റെയ്ഡിനെത്തുന്ന വിവരം അറിഞ്ഞ് പ്രതാപനും ഭാര്യയും വീട്ടിൽ നിന്നും മുങ്ങിയിരുന്നു. ഇവർ മുൻകൂർ ജാമ്യം തേടി കൊച്ചിയിലെ പ്രത്യേക കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. 2019 ലാണ് തൃശൂരിലെ ചേർപ്പ് ഞെരുവിശേരി ആസ്ഥാനമായി പ്രതാപനും ഭാര്യ ശ്രീനയും ചേർന്ന് ഹൈറിച്ച് കമ്പനി ആരംഭിക്കുന്നത്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*