പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം തടവു ശിക്ഷ

പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം തടവു ശിക്ഷ. മോന്‍സണ്‍ മാവുങ്കല്‍ 5,20,000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. എറണാകുളം പോക്‌സോ കോടതിയുടേതാണ് ശിക്ഷാവിധി. കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മോന്‍സണിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ആദ്യ ശിക്ഷാവിധിയാണിത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് കോടതിയുടെ വിധി. മോന്‍സണിനെതിരെ ആരോപിക്കപ്പെട്ട 13 കുറ്റങ്ങളില്‍ പത്തെണ്ണത്തിലും കുറ്റക്കാരനാണെന്ന് എറണാകുളം പോക്സോ കോടതി നിരീക്ഷിച്ചു. ഐപിസി 354, ഐപിസി 376 (3), പോക്സോ വകുപ്പ് 7, 8 എന്നിവ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. പോക്‌സോ കേസില്‍ 2022 ജൂണ്‍ 3നാണ് കേസിന്റെ വിചാരണ ആരഭിച്ചത്. 2023 ഫെബ്രുവരി 7 ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി കേസ് വാദത്തിന് മാറ്റി. മാര്‍ച്ച് 30 ന് ഇരുഭാഗത്തിന്റെയും വാദങ്ങളും പൂര്‍ത്തിയായിരുന്നു.

2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വെച്ച് വീട്ടുവേലക്കാരിയുടെ മകളെ പീഡിപ്പിച്ചതായാണ് കേസ്. പെണ്‍കുട്ടിക്ക് പതിനേഴ് വയസുള്ളപ്പോഴാണ് സംഭവം. കുട്ടിയെ ഒന്നില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതായാണ് പരാതി. കലൂരിലെ വീടിന് പുറമെ കൊച്ചിയില്‍ തന്നെയുള്ള മറ്റൊരു വീട്ടില്‍ വച്ചും പീഡനമുണ്ടായി.

Be the first to comment

Leave a Reply

Your email address will not be published.


*