തിരുവനന്തപുരം: കേരളത്തിൽ തുലാവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദത്തിന്റെയും കോമാറിൻ മേഖലയ്ക്ക് മുകളിലുള്ള ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി തെക്കൻ ബംഗാൾ- മധ്യ ബംഗാൾ ഉൾക്കടലിന് മുകളിൽ വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിച്ചതിനാൽ കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം ഇന്ന് എത്തിച്ചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമർദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി ഇന്നുമുതൽ ബുധനാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും തിങ്കളാഴ്ചയും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച ഈ ജില്ലകൾക്ക് പുറമേ മലപ്പുറം ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Be the first to comment