പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ നടന്ന പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് നല്‍കിയത് അക്യുപങ്ചര്‍ ചികിത്സയാണെന്ന് പൊലീസ് പറയുന്നു. ഭർത്താവിന്‍റെ ആദ്യ ഭാര്യയും മകളുമാണ് പ്രസവമെടുത്തത്. യുവതിയെ ചികിത്സിച്ചത് ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബ് ആണെന്നും എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തിൽ നേമം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

പൂന്തുറ സ്വദേശി ഷമീനയും (36) കുഞ്ഞുമാണ് ചൊവ്വാഴ്ച മരിച്ചത്. ആശുപത്രിയിൽ പോകാൻ തയ്യാറാകാതെ വീട്ടിൽ പ്രസവിക്കുകയായിരുന്നു. വീട്ടില്‍ വച്ച് പ്രസവം എടുക്കുന്നതിനിടെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. കുഞ്ഞിനെ പൂര്‍ണമായി പുറത്തെടുക്കാനും കഴിഞ്ഞിരുന്നില്ലെന്നും, ആശുപത്രിയിലെത്തുമ്പോഴേയ്ക്കും അമ്മയും കുഞ്ഞും മരിച്ചതായും പൊലീസ് പറയുന്നു.

ഷെമീറ ബീവിയുടെ മുന്‍പത്തെ 3 പ്രസവവും സിസേറിയന്‍ ആയിരുന്നു. നാലാമതും ഗര്‍ഭിണിയായപ്പോള്‍ ആധുനിക ചികിത്സ വേണ്ടായെന്ന് ഭര്‍ത്താവ് നയാസ് തീരുമാനിക്കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ആരോഗ്യപരിപാലനത്തിന്‍റെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ വീട്ടിലെത്തിയപ്പോള്‍ നയാസ് അവരോട് തട്ടിക്കയറുകയായിരുന്നു. ഭാര്യയ്ക്ക് ആധുനിക ചികിത്സ നല്‍കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നയാസ് അത് ചെവിക്കൊണ്ടില്ലെന്നും പൊലീസ് പറയുന്നു. അതേസമയം, ഭർത്താവ് നയാസ് ഇന്നലെ രാത്രി മുതൽ പൊലീസ് കസ്റ്റഡിയിലാണ് ഉള്ളത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*