ജലീലിനു പിന്നാലെ പ്രതിഭയും, അന്‍വറിനെ പിന്തുണച്ച് കൂടുതല്‍ എംഎല്‍എമാര്‍

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാറിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി ശശിക്കെതയിരേയും പിവി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഇടതുമുന്നണിയില്‍ പൊട്ടിത്തെറിക്ക് വഴിവയ്ക്കുന്നു. അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് ചുവടുപിടിച്ച് പിന്തുണയുമായി ഇടത് എംഎല്‍എമാരും സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐയും അവരുടെ യുവജന പ്രസ്ഥാനമായ എഐവൈഎഫും രംഗത്തു വന്നതോടെ മുന്നണിയിലെ ഭിന്നസ്വരം പരസ്യവിഴുപ്പലക്കുകള്‍ക്ക് കാരണമാകുകയാണ്.

ആരോപണ വിധേയനായ എം ആര്‍ അജിത് കുമാറിനെതിരേ സിപിഐ വയനാട് ജില്ലാ സെക്രട്ടറിയാണ് പരസ്യമായി രംഗത്തെത്തിയത്. വയനാട് ദുരന്തത്തെത്തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തനത്തിനിടെ അജിത്കുമാര്‍ സര്‍ക്കാരിനെതിരേ ജനങ്ങളെ തിരിക്കാന്‍ ശ്രമിച്ചുവെന്നാണ് സിപിഐ വയനാട് ജില്ലാ സെക്രട്ടറിയായ ഇ ജെ ബാബു ആരോപിച്ചത്. സന്നദ്ധ സംഘടനകള്‍ ഭക്ഷണം കൊടുക്കരുതെന്നു പറഞ്ഞ് അനാവശ്യ വിവാദം ഉണ്ടാക്കിയത് അജിത് കുമാറിന്റെ ഗൂഡതന്ത്രമാണെന്നും സര്‍ക്കാരിനെതിരേ ജനങ്ങളെ തിരിക്കുകയായിരുന്നു അജിത്കുമാറിന്റെ ഉദ്ദേശമെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി പരാമര്‍ശിച്ച ‘പോലീസിലെ പുഴുക്കുത്തുകളെ’ ഉന്നി സിപിഐ യുവജന സംഘടനയായ എഐവൈഎഫും രംഗത്തുവന്നത്. പോലീസിലെ ക്രിമിനലുകളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നാണ് എഐവൈഎഫിന്റെ ആവശ്യം.ക്രിമിനലുകളും കൊലപാതികളുമടക്കമുള്ള ചിലര്‍ പോലീസ് തലപ്പത്ത് സൈര്യവിഹാരം നടത്തുകയാണെന്ന് എഐവൈഎഫ് തുറന്നടിച്ചു.

ക്രമസമാധാന പാലനത്തിന് ഉപയോഗിക്കേണ്ട രഹസ്യവിവര ശേഖരണ സംവിധാനത്തെപ്പോലും ദുരുപയോഗം ചെയ്യുന്നുവെന്നുമുള്ള ആരോപണങ്ങള്‍ അതീവ ഗൗരവത്തോടെ തന്നെ സര്‍ക്കാര്‍ കാണണമെന്നും മന്ത്രിമാരുടേതടക്കമുള്ള ഫോണ്‍കോളുകള്‍ എഡിജിപി ചോര്‍ത്തിയെന്നും കസ്റ്റംസ് ബന്ധങ്ങള്‍ ഉപയോഗിച്ച് എസ്പി സുജിത്ത് ദാസ് സ്വര്‍ണം കടത്തിയെന്നുമുള്ള ആരോപണങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.

അന്‍വറിനെ പിന്തുണച്ച് സിപിഎം എംഎല്‍എമാരും രംഗത്തു വന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. കെടി ജലീല്‍, യു പ്രതിഭ എന്നിവരാണ് അന്‍വറിന് പിന്തുണയുമായി പരസ്യമായി രംഗത്തുവന്നത്. അന്‍വര്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണെന്നും ഉദ്യോഗസ്ഥര്‍ക്കിടയിലെ പുഴുക്കുത്തുകള്‍ തുറന്നു കാട്ടാന്‍ പോര്‍ട്ടല്‍ തുടങ്ങുമെന്നുമാണ് കെ ടി ജലീല്‍ പറഞ്ഞത്.

എഡിജിപിക്കെതിരേ അന്‍വര്‍ പറഞ്ഞത് സത്യസന്ധമായ കാര്യമാണെന്നും അത് ഒരിക്കലും ആഭ്യന്തരവകുപ്പിതെിരല്ലെന്നുമാണ്  എംഎല്‍എ അഡ്വ. യു പ്രതിഭ പ്രതികരിച്ചത്. ”ഐപിഎസ് രംഗത്തുള്ള ഒരുദ്യോഗസ്ഥന്റെ തെറ്റായ പ്രവണതയെക്കുറിച്ചാണ് അന്‍വര്‍ പറഞ്ഞത്. എന്റെ അഭിപ്രായവും അതാണ്. ഏത് മേഖലയിലായാലും തെറ്റായ പ്രവണതയുള്ള ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തണം.

അന്‍വറിന്റെ പ്രതികരണം ഒരു സിസ്റ്റത്തിലെ പുഴുക്കുത്തുകള്‍ക്കെതിരായ പ്രതികരണമാണ്. അത് നമുക്ക് നേരിട്ട് ഒരു ദുരനവുഭം ഉണ്ടാകുമ്പോള്‍ മാത്രമല്ല പ്രതികരിക്കേണ്ടത്. തെറ്റ് ചെയ്തത് വിളിച്ചു പറയാന്‍ അന്‍വര്‍ കാണിച്ച ധൈര്യത്തിന് ഞാന്‍ പിന്തുണ പ്രഖ്യാപിക്കുന്നു”- പ്രതിഭ എംഎല്‍എ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*