തിരുവനന്തപുരം: കോണ്‍ഗ്രസിലെ പവര്‍ ഗ്രൂപ്പിലെ പ്രിയങ്കരികള്‍ക്ക് മാത്രം സ്ഥാനങ്ങള്‍ പെട്ടെന്ന് ലഭിക്കുന്നു എന്ന് ആരോപണം ഉന്നയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് വനിതാ നേതാവ് സിമി റോസ്‌ബെല്‍ ജോണിനെ പിന്തുണച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ‘ഇത് സിമിയുടെ മാത്രം അഭിപ്രായമല്ല, കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗം വനിതാ പ്രവര്‍ത്തകരുടെയും അഭിപ്രായമാണ്. സിമി അത് തുറന്നു പറയാന്‍ ആര്‍ജ്ജവം കാട്ടി എന്നു മാത്രം. കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന നെറികേടുകള്‍ ചൂണ്ടിക്കാട്ടി എന്നതിന്റെ പേരില്‍ സിമിയെ സൈബര്‍ അറ്റാക്ക് ചെയ്യാനും, വ്യക്തി ഹത്യ ചെയ്യാനും ഒക്കെ കോണ്‍ഗ്രസ് അണികള്‍ നടത്തുന്ന നീക്കം തികച്ചും അപലപനീയമാണ്’- പത്മജ വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘സിമി പറഞ്ഞ അഭിപ്രായത്തോട് യോജിപ്പുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കളും ഉണ്ട്.. വരും ദിവസങ്ങളില്‍ അവരും അതൊക്കെ തുറന്നു പറയുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു സ്ത്രീയെ സംസ്‌കാര ശൂന്യമായി അധിക്ഷേപിച്ചാല്‍ അതിനെ നിയമപരമായി എങ്ങനെ നേരിടണം എന്ന് വ്യക്തമായി ബോധ്യമുള്ള ആളാണ് സിമി.. ഓര്‍ത്താല്‍ നന്ന്..’- പത്മജ വേണുഗോപാല്‍ ഓര്‍മ്മിപ്പിച്ചു.
Be the first to comment