
*Blessy Thankachan
‘അമ്മ വർഷത്തിൽ ഒരിക്കൽ മാത്രം ഓർമ്മിക്കപ്പെടേണ്ട വ്യക്തി ആണോ അമ്മ? ഒരിക്കലും അല്ല എന്നാലും ഒരു ദിനം അവരുടെ സ്നേഹത്തെയും നാൾ ഇതുവരെയുള്ള ജീവിതത്തെയും ഓർക്കുന്നത് നല്ലതാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ അമ്മയെന്ന പുണ്യത്തെ പതിവിലും കൂടുതൽ ഓർക്കാനൊരു ദിവസമായി ഈ ദിനത്തെ കാണാം.
നാം ഭൂമിയിൽ ജനിക്കുന്നതിന് മുമ്പ് തന്നെ നമ്മെ സ്നേഹിക്കാൻ തുടങ്ങിയ വ്യക്തിയാണ് അമ്മ. തൻ്റെ ഉള്ളിൽ രൂപംകൊണ്ട ഭ്രൂണത്തെ ഉദരത്തിൽ മാത്രമല്ല ഹൃദയത്തിലും വഹിച്ചുകൊണ്ടാണ് ഓരോ മാതാവും ജീവിക്കുന്നത്. കുഞ്ഞ് കണ്ണ് തുറന്നു കാണുന്നതിന് മുമ്പേ തന്നെ ലോകത്തെ മനോഹരമായി വിവരിച്ച് കൊടുക്കുന്ന മറ്റേത് സ്നേഹമാണ് ഉള്ളത്. പ്രാണൻ പോകുന്ന വേദനയോടെ തൻ്റെ കുഞ്ഞിനെ പ്രസവിക്കുന്ന ഏതൊരു സ്ത്രീയും കുഞ്ഞിൻ്റെ നിഷ്കളങ്കമായ മുഖം കാണുമ്പോൾ ആനന്ദിക്കുന്നു. ആ മഹത്തായ ആനന്ദം മാതൃത്വത്തിനല്ലാതെ മറ്റെന്തിന് അവകാശപ്പെടാൻ കഴിയും. ഒടുവിൽ വളർത്തി വലുതാക്കിയ മക്കൾ ഉപേക്ഷിച്ച് പോകുമ്പോഴും അവരുടെ സന്തോഷം വലുതെന്ന് കരുതുന്ന സ്നേഹവും മാതൃസ്നേഹം തന്നെ.
ഒരു കുഞ്ഞിൻറെ ആദ്യ ഗുരുവും വൈദ്യനും കളിക്കൂട്ടുകാരിയും അമ്മ തന്നെയാണ്. അമ്മയിലൂടെയാണ് കുഞ്ഞ് ലോകത്തെ നോക്കിക്കാണുന്നത്.കുട്ടി എത്ര വലുതായാലും അമ്മയ്ക്ക് എന്നും ഒരുപോലെ തന്നെയാണ്. കുഞ്ഞായിരുന്നപ്പോൾ ഉണ്ടായിരുന്ന വേവലാതി അതേ അളവിൽ പ്രായം എത്ര കഴിഞ്ഞാലും ഉണ്ടാകും. കാലത്തിനൊത്ത് മാറ്റം വരാത്ത സ്നേഹമാണത്. മാതൃസ്നേഹത്തെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെയാണ്.
നൊന്തു പെറ്റ കുഞ്ഞിനെ കൊന്നു തള്ളുന്ന ജന്മങ്ങളും ഉണ്ടാകാം. അവരെ അമ്മ എന്ന മഹത്തായ പദം കൊണ്ട് വിശേഷിപ്പിക്കേണ്ടതില്ല. കാരണം അമ്മമാർ കുഞ്ഞിന് ഉദരത്തിൽ മാത്രമല്ല ഹൃദയത്തിലും ജന്മം നൽകുന്നവരാണ്.
ഈ മാതൃദിനവും കടന്നു പോകും. ഇനിയും കുഞ്ഞുങ്ങൾ ജനിക്കും. അമ്മമാർ ഉണ്ടാകും. എന്നാൽ പ്രസവിക്കാതെ തന്നെ അമ്മയായ മറ്റുചിലരും നമ്മുടെ സമൂഹത്തിലുണ്ട്. മറ്റൊരു കുട്ടിയെ സ്വന്തം കുഞ്ഞായി കാണാൻ സാധിക്കുമോ എന്ന ചോദ്യത്തെ പോലും അപ്രസക്തമാക്കുന്ന തരത്തിൽ സേവിക്കുന്ന, സ്നേഹിക്കുന്ന അനേകം അമ്മമാർ നമുക്ക് ചുറ്റും ഉണ്ട്. ഈ മാതൃദിനം അവർക്ക് വേണ്ടിയുള്ളത് കൂടിയാകട്ടെ…. മാതൃസ്നേഹം അറിഞ്ഞു തന്നെ കുഞ്ഞുങ്ങൾ വളരട്ടെ.
- യെൻസ് ടൈംസിന്റെ മാതൃദിനാശംസകൾ
Be the first to comment