വിശ്വാസ നിറവിൽ മദർ ഷന്താളിൻ്റെ ചരമ വാർഷികാചരണം

അതിരമ്പുഴ: വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിൻ്റെ സഹസ്ഥാപക ദൈവദാസി മദർ മേരി ഫ്രാൻസിസ്ക ദ് ഷന്താളിൻ്റെ അമ്പതാം ചരമവാർഷികാചരണത്തിന് സമാപനമായി. നൂറു കണക്കിന് ഭക്തജനങ്ങളാണ് ഇന്നലെ രാവിലെ മുതൽ ആരാധനാ മഠം ചാപ്പലിലെ കബറിടത്തിങ്കലും പ്രധാന തിരുക്കർമങ്ങൾ നടന്ന അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിലും എത്തിച്ചേർന്നത്.

ഷന്തളമ്മയോട് മാധ്യസ്ഥ്യം അപേക്ഷിക്കാനും മാധ്യസ്ഥ്യത്തിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനുമായി വിശ്വാസികൾ കബറിടത്തിങ്കൽ പ്രാർത്ഥനാനിരതരായി. 
രാവിലെ കബറിടത്തിങ്കൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിൻ്റെ കാർമികത്വത്തിൽ ഒപ്പീസ് നടന്നു. തുടർന്ന് സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ മാർ ജോസഫ് പെരുന്തോട്ടത്തിൻ്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു. പോസ്റ്റുലേറ്റർ റവ. ഡോ.ജോസഫ് കൊല്ലാറ, ചമ്പക്കുളം സെൻ്റ് മേരീസ് ബസിലിക്ക റെക്ടർ ഫാ.ഗ്രിഗറി ഓണംകുളം എന്നിവർ സഹകാർമികരായിരുന്നു.
വിശുദ്ധ കുർബാനയ്ക്കു ശേഷം പാരീഷ് ഹാളിൽ സജ്ജീകരിച്ച നേർച്ചഭക്ഷണത്തിൽ പങ്കാളികളായ ശേഷമാണ് ഭക്തജനങ്ങൾ മടങ്ങിയത്. കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി വിവിധ പ്രൊവിൻസുകളിലെ പ്രൊവിൻഷ്യൽമാരും കന്യാസ്ത്രീകളും ഉൾപ്പെടെ ഒട്ടേറെ ഭക്തജനങ്ങൾ തിരുക്കർമങ്ങളിൽ പങ്കെടുക്കാനും കബറിടത്തിങ്കൽ പ്രാർത്ഥിക്കാനുമായി എത്തി.
അതിരമ്പുഴ ഫൊറോനാ വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ, പോസ്റ്റുലേറ്റർ റവ.ഡോ.ജോസഫ് കൊല്ലാറ, വൈസ് പോസ്റ്റുലേറ്റർമാരായ സിസ്റ്റർ തെക്ല, സിസ്റ്റർ എത്സ പൈകട, ആരാധനാ സന്യാസിനീ സമൂഹത്തിൻ്റെ സുപ്പീരിയർ ജനറൽ മദർ റോസിലി ജോസ് ഒഴുകയിൽ, ചങ്ങനാശേരി പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ സിസ്റ്റർ ലില്ലി റോസ് തുടങ്ങിയവർ നേതൃത്വം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*