വിഴിഞ്ഞത്ത് മദർഷിപ്പിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരണം

വിഴിഞ്ഞത്ത് എത്തുന്ന ആദ്യ മദർഷിപ്പായ ചൈനയിൽ നിന്നുള്ള സാൻ ഫെർണാൻഡോയെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. കപ്പൽ തുറമുഖത്ത് നങ്കൂരമിടാനായി കരയിലേയ്ക്ക് അടുത്തുകൊണ്ടിരിക്കെയായിരുന്നു ടഗ്ഗുകളുടെ നേതൃത്വത്തിൽ വാട്ടർസല്യൂട്ട് നൽകിയത്. അടുത്തിടെ രണ്ടാമത്തെ തവണയാണ് വാട്ടർ സല്യൂട്ട് വാർത്തകളിൽ നിറയുന്നത്. ജൂലൈ നാലിന് ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിനെ മുംബൈ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് സ്വീകരിച്ചത് വാട്ടര്‍ സല്യൂട്ട് നൽകിയായിരുന്നു.

വിസ്താര യുകെ 1845 എന്ന വിമാനത്തിലാണ് ഇന്ത്യന്‍ ടീം താരങ്ങള്‍ മുംബൈയിലെത്തിയത്. താരങ്ങൾ സഞ്ചരിച്ച വിമാനം എയർപോർട്ടിൽ ഇറങ്ങിയപ്പോഴാണ് ഗ്രൗണ്ട് സ്റ്റാഫ് വാട്ടർ സല്യൂട്ട് നൽകി ആദരിച്ചത്. 1950കളിൽ അമേരിക്കയിലാണ് ആദ്യമായി വാട്ടർ സെല്യൂട്ട് നടന്നതായി കരുതപ്പെടുന്നത്. സൈനിക വിമാനങ്ങൾ, കപ്പലുകൾ എന്നിവയോടുള്ള ബഹുമാന സൂചകമായാണ് ഇത് ആദ്യം അവതരിപ്പിച്ചത്. 1990-കളിൽ ലോകമെമ്പാടുമുള്ള എയർപോർട്ടുകളും എയർലൈനുകളും ഈ പാരമ്പര്യം ഒരു ചടങ്ങായി സ്വീകരിച്ചു.

ഒരു പുതിയ വിമാനം ആദ്യമായി വിമാനത്താവളത്തിലെത്തുമ്പോഴും അവസാനമായി ഒരു വിമാനം യാത്ര പുറപ്പെടുന്ന സാഹചര്യത്തിലും വാട്ടർ സല്യൂട്ട് നൽകാറുണ്ട്. വ്യോമയാന മേഖലയിലെ ഒരു പാരമ്പരാ​ഗത ചടങ്ങാണ് വാട്ടർ സല്യൂട്ട്. വിമാനത്തിനും അതിലെ ജീവനക്കാർക്കും യാത്രക്കാർക്കും നൽകുന്ന ആദരവിനെ സൂചിപ്പിക്കുന്നതിനാണ് ഈ ചടങ്ങ് നടത്തുന്നത്. വ്യോമയാന മേഖലയിലെ തന്നെ ഒരു സുപ്രധാന ചടങ്ങായാണ് ഇത് കണക്കാക്കപ്പെടുന്നത്. ബഹുമാനത്തിൻ്റെയും അഭിമാനത്തിൻ്റെയും ആദരവിന്റേയും അടയാളമായി നടത്തുന്ന ഒരു ആചാരമായി കൂടിയാണ് വാട്ടർ സല്യൂട്ട് കണക്കാക്കപ്പെടുന്നത്. ഫയർ എഞ്ചിൻ ഉപയോ​ഗിച്ചാണ് വാട്ടർ സല്യൂട്ട് നടത്താറുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*